ഓണം ബമ്പർ കോടിപതി; അനൂപ് ഇനി പണം കൈകാര്യം ചെയ്യാനുള്ള ക്ലാസ്സിലിരിക്കും!

news image
Sep 23, 2022, 8:24 am GMT+0000 payyolionline.in

തിരുവനന്തപുരം: ലോട്ടറി ജേതാക്കൾക്കായി സാമ്പത്തിക പരിശീലന പരിപാടി നടത്താനൊരുങ്ങി സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ്. പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൽ ഇത്തവണത്തെ ഓണം ബമ്പർ നേടിയ അനൂപും ഉൾപ്പെടും.  കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ലോട്ടറി ജേതാക്കൾക്കുള്ള പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായിരുന്നു ഇത്തവണത്തെ ഓണം ബമ്പർ. 25 കോടി. തിരുവനന്തപുരം ജില്ലിയിലെ ശ്രീവരാഹം സ്വദേശി അനൂപാണ് 25 കോടി  നേടിയ ഭാ​ഗ്യവാൻ.

 

”പ്രഖ്യാപനം ഉടൻ യാഥാർത്ഥ്യമാകും. ആദ്യ ബാച്ചിൽ സമീപകാല വിജയികൾ ഉൾപ്പെടും. സുരക്ഷിത നിക്ഷേപ സാധ്യതകളെക്കുറിച്ചും പൊതുവായ സാമ്പത്തിക അവബോധത്തെക്കുറിച്ചും സെഷനുകൾ നയിക്കാൻ ലോട്ടറി വകുപ്പ് വിദഗ്ധരെ ക്ഷണിക്കും.” ധനമന്ത്രി പറഞ്ഞതായി  റിപ്പോർട്ട് ചെയ്യുന്നു.

 

ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ലോട്ടറി വകുപ്പ് പരിശീലന മൊഡ്യൂൾ രൂപീകരിക്കാൻ നടപടി സ്വീകരിച്ചിരുന്നു. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനെയാണ് (GIFT) തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വിജയികളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ GIFT-നോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനായി, കഴിഞ്ഞ 10-12 വർഷങ്ങളിലായി ബമ്പർ, ഡെയ്‌ലി ലോട്ടറികളിൽ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയവർക്കിടയിൽ ഒരു  സർവേ നടത്തും.

മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാ​ഗതം ചെയ്യുന്നുവെന്ന് അനൂപ്.“ദരിദ്ര പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്നെപ്പോലുള്ളവർക്ക്  പെട്ടെന്ന് ഒരു  സുപ്രഭാതത്തിൽ വലിയ തുകകൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുന്നു. വിവിധ നികുതിയിളവുകൾക്ക് ശേഷം എനിക്ക് ലഭിക്കുന്ന തുകയെക്കുറിച്ച് എനിക്ക് ഇപ്പോഴും വ്യക്തതയില്ല. ഈ ദിവസങ്ങളിൽ എനിക്ക് ലഭിക്കുന്ന നിരവധി ഉപദേശങ്ങളും വാ​ഗ്ദാനങ്ങളും പലതും എനിക്ക് മനസ്സിലാകുന്നത് പോലുമില്ല.  ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാൻ ഈ പരിപാടി എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ” അനൂപ് പറഞ്ഞു.

 

വലിയൊരു നേട്ടത്തിന്റെ സന്തോഷമുണ്ടെങ്കിലും തന്റെ കുടുംബം വൈകാരികമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അനൂപ് കൂട്ടിച്ചേർത്തു. അപരിചിതരായ ധാരാളം ആളുകൾ സഹായം ചോദിച്ച് വീട്ടിലേക്ക് എത്തുന്നുണ്ട്. സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയതായും അനൂപ് ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ശംഖുമുഖം ബീച്ചിൽ എത്തിയപ്പോൾ സെൽഫിയെടുക്കാനും ഫോൺനമ്പർ ആവശ്യപ്പെട്ടും നിരവധി ആളുകൾ ചുറ്റും കൂടി. വഴിയരികിലെ ചായക്കടയിൽ നിന്നും ഇതേ അവസ്ഥയാണ് നേരിടേണ്ടി വന്നതെന്നും അനൂപ് വിശദമാക്കി. തീർച്ചയായും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കും. പക്ഷേ പണം ലഭിക്കുന്നതിന് മുമ്പ് എനിക്കെങ്ങനെ വാ​ഗ്ദാനം നൽകാൻ കഴിയും? കാര്യങ്ങൾ തീരുമാനിക്കാൻ സമയം വേണമെന്നും അനൂപ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe