‘ഓണ്‍ലൈനില്‍ പോരാ’, ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് ഐടി പാര്‍ലമെന്ററി സമിതി

news image
Jun 20, 2021, 2:06 pm IST

ദില്ലി: ഓണ്‍ലൈനിലൂടെ ഹാജരാകാമെന്ന ഫേസ്ബുക്കിന്‍റെ അഭ്യർത്ഥന തള്ളി ഐടി പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി. കമ്പനിയുടെ കൊവിഡ് ചട്ട പ്രകാരം നേരിട്ട് ഹാജരാനാകില്ലെന്നാണ് ഫേസ്ബുക്ക് വാദം. എന്നാല്‍, സമിതിയുടെ ചട്ടം അനുസരിച്ച് ഓണ്‍ലൈന്‍ മീറ്റിംഗ് അനുവദിക്കാൻ ആകില്ലെന്നും വാക്സിനെടുത്ത് ഹാജരാകാനും ശശി തരൂര്‍ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടു.

ഇന്ത്യയിലെ നിയമം നടപ്പാക്കത്തതില്‍ ട്വിറ്ററിനെ വിളിച്ച് വരുത്തി രൂക്ഷമായി വിമർശിച്ച സ്റ്റാന്‍റിങ് കമ്മിറ്റി ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിൾ തുടങ്ങിയ കമ്പനികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഫേസ്ബുക്കിന്‍റെ ആവശ്യം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ യോഗങ്ങളിലും പങ്കെടുക്കേണ്ടത് ഓണ്‍ലൈന്‍ വഴി ആകണമെന്നാണ് കമ്പനിയുടെ ചട്ടമെന്ന് ഫേസ്ബുക്ക് അറിയിച്ചു. എന്നാല്‍ ഇത് തള്ളിയ പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി, നേരിട്ട് ഹാജരാവുക തന്നെ വേണമെന്ന് കർശന നിർദേശം നല്‍കി.

കൊവിഡ് ആശങ്കയുണ്ടെങ്കില്‍ വാക്സിനെടുത്ത് ഹാജരാകണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ ഫേസ്ബുക്ക് പ്രതിനിധികള്‍ക്ക് സമിതി തന്നെ വാക്സന്‍ ലഭ്യമാക്കുമെന്നും ഹാജരാകാന്‍ മതിയായ സമയം തരാമെന്നും ശശി തരൂര്‍ അധ്യക്ഷനായ സമിതി വ്യക്തമാക്കി. ഐടി നിയമത്തില്‍ കേന്ദ്ര സർക്കാരുമായി കടുത്ത പോര് തുടരുന്നതിനിടെയാണ് ട്വിറ്ററിനെ ഐടി പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയത്. ഇന്ത്യയിലെ നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കാന്‍ ട്വിറ്ററിന് കഴിയില്ലെന്നാണ്  സമിതി അംഗങ്ങളായ എംപിമാര്‍ ട്വിറ്ററിനെ വിമർശിച്ച് പറഞ്ഞത്.

പിന്നാലെ മറ്റ് സാമൂഹിക മാധ്യമ കമ്പനികള്‍ അടക്കമുള്ളവരെയും വിളിച്ച് വരുത്താന്‍ സമിതി തീരുമാനമെടുക്കുകയായിരുന്നു.
ട്വിറ്റർ വഴങ്ങിയിട്ടില്ലെങ്കിലും സർക്കാര്‍ അവതരിപ്പിച്ച ഐടി ചട്ടം ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ് അടക്കമുള്ള കമ്പനികള്‍ നേരത്തെ തന്നെ നടപ്പാക്കിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe