ദില്ലി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ കാവേരി പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനി സുഡാനിൽ ഇന്ത്യാക്കാർ ആരും നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
3862 ഇന്ത്യാക്കാരെയാമ് ഇതുവരെ സുഡാനിൽ നിന്നും ദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ന് 47 പേരെ കൂടി പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലേക്ക് സൈനിക വിമാനത്തിൽ ഒഴിപ്പിച്ചു. പത്ത് ദിവസം കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. ദൗത്യത്തിൽ സഹായിച്ച സൗദി അറേബ്യയടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി അറിയിച്ചു. കടുത്ത പ്രതിസന്ധികൾക്കിടയിലും പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.