ഓപറേഷൻ യെല്ലോ; 68 മുൻഗണന റേഷൻ കാർഡുകൾ പിടിച്ചെടുത്തു

news image
Oct 2, 2022, 4:12 am GMT+0000 payyolionline.in

കോഴിക്കോട്: ഓപറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശംവെച്ച 68 മുൻഗണന റേഷൻ കാർഡുകൾ പിടിച്ചെടുത്തു. ഒളവണ്ണ, മടവൂർ, കൊടിനാട്ടുമുക്ക് എന്നീ പ്രദേശങ്ങളിൽ വീട് കയറി നടത്തിയ പരിശോധനയിൽ അഞ്ച് എ.എ.വൈ കാർഡ്, 40 മുൻഗണന കാർഡുകൾ, 23 സ്റ്റേറ്റ് സബ്സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

സർക്കാർ ഉദ്യോഗസ്ഥരടക്കം നിലവിൽ മുൻഗണന കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായും എ.സി സൗകര്യത്തോടുകൂടിയതും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകളും ഒന്നിലധികം നാല്ചക്ര വാഹനമുള്ളവരുമായ വ്യക്തികൾ നിലവിൽ സബ്സിഡി കാർഡ് അംഗങ്ങളായി തുടരുന്നതായും കണ്ടെത്തി.

ഇവർക്ക് നോട്ടീസ് നൽകിയതായും കാർഡുകൾ അടിയന്തരമായി മാറ്റേണ്ടതാണെന്നും ജില്ല സപ്ലൈ ഓഫിസർ കെ. രാജീവ് അറിയിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപറേഷൻ യെല്ലോ.

പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ എം. സാബു, അസി. താലൂക്ക് സപ്ലൈ ഓഫിസർ കെ. നിഷ, റേഷനിങ് ഇൻസ്പെക്ടർമാരായ വി. സുരേഷ്, സി.കെ. ഷദീഷ്, മനു പ്രകാശ്, സി.ബി. സീന, മൊയ്തീൻകോയ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe