ഓപ്പറേഷൻ കാവേരി; ഇന്ത്യയിലെത്തിയ ആദ്യ സംഘം കേരളത്തിലേയ്ക്ക് പുറപ്പെട്ടു

news image
Apr 27, 2023, 3:16 am GMT+0000 payyolionline.in

ദില്ലി: സുഡാനിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ദില്ലിയിൽ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെട്ടു. രാത്രി ഒമ്പത് മണിയോടെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരിൽ  എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോൺ ആലപ്പാട്ട്, മക്കളായ മിഷേൽ ആലപ്പാട്ട് റോഷൽ ആലപ്പാട്ട്  ഡാനിയേൽ ആലപ്പാട്ട് എന്നിവരും ഇടുക്കി, കല്ലാർ സ്വദേശി ജയേഷ് വേണുവും രാവിലെ 8.50 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. ഡൽഹിയിൽ നിന്ന് 5.30 ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ പുറപ്പെട്ടത്. .

കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ തോമസ് വർഗീസ്, മകൾ ഷെറിൻ തോമസ് എന്നിവരുടെ കുടുംബം  രാവിലെ 8.20 ന് പുറപ്പെടുന്ന വിസ്താര ഫ്ലൈറ്റിൽ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. ഇവർ 11.40 ന് തിരുവനന്തപുരത്തെത്തും.

 

അതേസമയം, സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിൻ്റെ കുടുംബം ജിദ്ദയിലെത്തി. ആൽബർട്ട് അഗസ്റ്റിൻ്റെ ഭാര്യ സൈബല്ല, മകൾ അടക്കമുള്ളവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ഏർപ്പാടാക്കിയെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആയിരത്തി ഒരുന്നൂറോളം ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം തുടരും എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ കാവേരിയിലൂടെ ആകെ ഒഴിപ്പിച്ചവരുടെ എണ്ണം 1100 ആയി. 6 ബാച്ചുകളെ ആണ് ഇതുവരെ ഒഴിപ്പിച്ചത്. എല്ലാവരും ഉടൻ നാട്ടിലേക്കെത്തുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe