കൊച്ചി: സുഡാനിൽ നിന്നും മലയാളികളടങ്ങുന്ന 184 പേരുടെ സംഘം കൂടി കൊച്ചിയിലെത്തി. തിങ്കൾ രാവിലെ ആറിന് ജിദ്ദയിൽ നിന്നുമുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇവർ എത്തിയത്. കർണ്ണാടക, തമിഴ്നാട്, ഗുജറാത്ത് അടക്കം ആറ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് ജിദ്ദ വഴി കൊച്ചിയിൽ വിമാനമിറങ്ങിയത്. ഇതിൽ 30 പേർ മലയാളികളാണ്.
ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ കാവേരിയുടെ ഭാഗമായാണ് ഇവരെ എത്തിച്ചത്. യുദ്ധമുഖത്തു നിന്നും നാട്ടിലേക്കെത്തിയതിന്റെ സന്തോഷം എല്ലാവരിലും പ്രകടമായിരുന്നു.
മറ്റ് നടപടികൾ പൂർത്തിയാക്കി രാവിലെ 8.30 ഓടെ അതാത് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരുന്ന ബസുകളിൽ ഇവർ മടങ്ങി. കണ്ണൂർ, തിരുവനന്തപുരം ജില്ലക്കാർക്കായി ലോ ഫ്ലോർ ബസുകളും തയ്യാറാക്കിയിരുന്നു. ഹെൽപ്പ് ഡെസ്കുകളും സജ്ജമാക്കിയിരുന്നു.
സുഡാനിൽ ആഭ്യന്തര യുദ്ധം ആരംഭിച്ച ഏപ്രിൽ പകുതി മുതൽ പൗരന്മാരുടെ സുരക്ഷാ ഉറപ്പാക്കുവാൻ ദ്രുതഗതിയിലുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരുന്നു.