‘ഓപ്പറേഷൻ ലോട്ടസ്’: തുഷാര്‍ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്

news image
Nov 16, 2022, 3:47 pm GMT+0000 payyolionline.in

ആലപ്പുഴ:  ഓപ്പറേഷൻ ലോട്ടസുമായി ബന്ധപ്പെട്ട് ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ തുഷാര്‍ ഹാജരാകണം. നൽഗൊണ്ട എസ്‍ പി, രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം കണിച്ചുകുളങ്ങരയിലെത്തി നോട്ടീസ് കൈമാറി. തുഷാറിന്‍റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.

തെലങ്കാനയിൽ ബിജെപിക്കെതിരെ ‘ഓപ്പറേഷൻ ലോട്ടസ്’ ആരോപണം ആവ‍‍ര്‍ത്തിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖ‍ര്‍ റാവുവാണ് രംഗത്തെത്തിയത്. എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിന്‍റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആ‍ര്‍ ‘ ഓപ്പറേഷൻ ലോട്ടസ് ‘ ആരോപണം നടത്തിയത്. തെലങ്കാനയില്‍ ടി ആര്‍ എസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ എം എല്‍ എ മാരെ വിലയ്ക്ക് എടുക്കാന്‍ ബി ജെ പി ശ്രമിച്ചെന്നാണ് കെ സി ആര്‍ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്‍റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചത്.

കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്‍റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്‍റെ ഫോൺ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെ സി ആ‍ര്‍ ആരോപിച്ചിരുന്നു. കെ സി ആറിന്‍റെ ആരോപണം ബി ജെ പിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ടി ആർ എസി ന്‍റെ, എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാർ വെള്ളാപ്പള്ളി പറയുന്നുണ്ട്. ബി എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ പറയുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe