ഓഹരി റിവ്യൂ: സൂചികകള്‍ക്ക്‌ പുതുജീവന്‍

news image
Dec 9, 2013, 2:06 pm IST payyolionline.in
ഇന്ത്യന്‍ ഓഹരി വിപണി മുന്നാഴ്‌ച നീണ്ട തളര്‍ച്ചയ്‌ക്ക്‌ ശേഷം ശക്‌തമായി തിരിച്ചു വന്നു. ഹെവിവെയിറ്റ്‌ ഓഹരികളോട്‌ ആഭ്യന്തര – വിദേശ ഫണ്ടുകള്‍ കാണിച്ച താല്‍പര്യം ബി.എസ്‌.ഇ, എന്‍.എസ്‌.ഇ സുചികകള്‍ക്ക്‌ പുതുജീവന്‍ പകര്‍ന്നു. ബോംബെ സൂചിക പിന്നിട്ടവാരം 574 പോയിന്റും നിഫ്‌റ്റിക്ക്‌ 181 പോയിന്റും കയറി.
സെന്‍സെക്‌സ്‌ 20,810വരെ കയറിയ ശേഷം വ്യാപാരാന്ത്യം 20,791 ലാണ്‌. നിഫ്‌റ്റി 5995ല്‍ നിന്ന്‌ 6180വരെ ചുവടുവെച്ചു. എന്നാല്‍ ഏറെ നിര്‍ണായകമായ 6200ലേയ്‌ക്ക്‌ കയറാന്‍ സുചികയ്‌ക്കായില്ല. ഫ്യൂചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സില്‍ നവമ്പര്‍ സീരീസ്‌ സെറ്റില്‍മെന്റാണ്‌ വിപണിയുടെ തിരിച്ചു വരവിനു വഴിതുറന്നത്‌. വ്യാഴാഴ്‌ച നടന്ന സെറ്റില്‍മെന്റ്‌ വേളയില്‍ ശക്‌തമായ ഷോട്ട്‌ കവറിങിനും ഡിസംബറിലേയ്‌ക്കുള്ള റോള്‍ ഓവറും നടന്നു. വ്യാപാരാന്ത്യം നിഫ്‌റ്റി 6176 ലാണ്‌. നിഫ്‌റ്റി സൂചിക മുന്ന്‌ ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി 21, 50 ദിവസങ്ങളിലെ ശരാശരിക്ക്‌ മുകളിലാണ്‌.
നിഫ്‌റ്റിക്ക്‌ ഈ വാരം ആദ്യ പ്രതിരോധം 6239 ലാണ്‌. ഇത്‌ തകര്‍ക്കാനുള്ള കരുത്തു ലഭിച്ചാല്‍ 6301-6424 ലേയ്‌ക്ക്‌ നീങ്ങാന്‍ ശ്രമിക്കും. അതേ സമയം തിരിച്ചടിനേരിട്ടാല്‍ 6054-5932ല്‍ താങ്ങ്‌ നിലവിലുണ്ട്‌. നവമ്പര്‍ ആദ്യവാരത്തിനു ശേഷം ഏകദേശം അഞ്ചു ശതമാനം ഇടിഞ്ഞ്‌ 311 പോയിന്റ്‌ നഷ്‌ടം വരുത്തിവെച്ചിരുന്നു. ബി.എസ്‌.ഇ മിഡ്‌ കാപ്‌ സൂചിക 2.78 ശതമാനവും സ്‌മോള്‍ കാപ്‌ സൂചിക 1.76 ശതമാനവും കയറി.
ബാങ്കിങ്‌, ഓട്ടോമൊബൈല്‍, പവര്‍, കാപിറ്റല്‍ ഗുഡ്‌സ്‌, റിയാലിറ്റി, സ്‌റ്റീല്‍, എഫ്‌.എം.സി.ജി വിഭാഗം ഓഹരികളില്‍ ശക്‌തമായ നിക്ഷേപ താല്‍പര്യം നിലനിന്നു. എസ്‌.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്‌.ഡി എഫ്‌.സി എന്നിവ ശ്രദ്ധിക്കപ്പെട്ടു. ഭെല്‍ ഓഹരി വില ഏതാണ്ട്‌ 14 ശതമാനം കയറി. ജിന്‍ഡാല്‍ സ്‌റ്റീല്‍, ടാറ്റാ മോട്ടേഴ്‌സ്‌, ഒ.എന്‍.ജി.സി, ബജാജ്‌ ഓട്ടോ, ഹിന്‍ഡാല്‍ക്കോ, എല്‍ ആന്‍ഡ്‌ ടി എന്നിവയിലും നിക്ഷേപ താല്‍പര്യം നിറഞ്ഞുനിന്നു. മുന്‍ നിരയിലെ 30 ഓഹരികളില്‍ ഏതാണ്ട്‌ 26 എണ്ണവും മികവിലാണ്‌.
ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിക്ക്‌ ശക്‌തമായ പിന്‍തുണ നല്‍കി. വിദേശ ഫണ്ടുകള്‍ കനത്ത വാങ്ങലുകള്‍ക്ക്‌ വീണ്ടും ഉത്സാഹിച്ചു. ഏകദേശം 8000 കോടി രൂപയുടെ ഓഹരികള്‍ നവമ്പറില്‍ ശേഖരിച്ചു.
ജൂലൈ-സെപ്‌റ്റംബര്‍ കാലയളവിലെ ജി.ഡി.പി കണക്കുകള്‍ വെള്ളിയാഴ്‌ച വ്യാപാരാന്ത്യത്തിനു ശേഷം പുറത്തുവന്നു.
അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില താഴ്‌ന്നു. ഇറാനുമായുള്ള പുതിയ കരാറുകളാണ്‌ ലോക വിപണിയില്‍ എണ്ണ വിലയെ തണുപ്പിച്ചത്‌. വാരാന്ത്യം ക്രൂഡ്‌ ഓയില്‍ 92 ഡോളറിലാണ്‌. അതേ സമയം സ്വര്‍ണ വില വര്‍ധിച്ചത്‌ വാരാന്ത്യം 1252 ഡോളറിലാണ്‌. ഡോളറിനു മുന്നില്‍ രൂപയുടെ വിനിമയ മുല്യം 63 ലാണ്‌.
പിന്നിട്ട മുന്ന്‌ മാസം എന്നും നിക്ഷേപത്തിനു മത്സരിച്ച വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ നവമ്പറില്‍ ശേഖരിച്ചത്‌ 8116 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍. ഈ വര്‍ഷത്തെ മൊത്തം വിദേശ നിക്ഷേപം 97,050 കോടി രൂപ. നവമ്പറില്‍ അവര്‍ 55,806 കോടിയുടെ വാങ്ങലും 47,690 കോടിയുടെ വില്‍പ്പനയും നടത്തി. സെപ്‌റ്റംബറില്‍ 13,000 കോടിയും ഒക്‌ടോബറില്‍ 15,700 കോടി രൂപയുമാണ്‌ വിദേശ വാങ്ങലുകാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇറക്കിയത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe