കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കര്‍ഷകന്‍റെ മരണം; കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിടണം, സംഘര്‍ഷം

news image
Mar 5, 2024, 12:55 pm GMT+0000 payyolionline.in

കോഴിക്കോട്: കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. അധികൃതര്‍ സ്ഥലത്ത് എത്താത മരിച്ച കര്‍ഷകന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലന്‍സ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. കൂടുതല്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

കളക്ടര്‍ മെഡിക്കല്‍ കോളേജില്‍ ഉടൻ എത്തണം, കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ജില്ലാ കളക്ടര്‍ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. രണ്ടു ദിവസമായി കക്കയം മേഖലയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി കാട്ടുപോത്ത് ഇറങ്ങിയിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം. കര്‍ഷകൻ കൊല്ലപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe