കണ്ണൂരില്‍ യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു, പ്രതി കസ്റ്റഡിയില്‍

news image
May 16, 2022, 9:09 pm IST payyolionline.in

കണ്ണൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നു. കേളകം വെണ്ടേക്കുംചാൽ പള്ളിപ്പാടം സ്വദേശികളാണ് ഇരുവരും. കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലർ കണ്ടിരുന്നു. പിന്നീട് വാക്കു തർക്കമുണ്ടാവുകയും അഖിലേഷ് സഹോദരൻ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയത്. പിന്നീട് സഹോദരനെ കൊന്ന വിവരം അഖിലേഷ് തന്നെയാണ് കേളകം പൊലീസില്‍ വിളിച്ച്  അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പുഴയരികില്‍ മൃതദേഹം കണ്ടത്. പേരാവൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അഭിനേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ അഖിലേഷിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe