കണ്ണൂരില്‍ വീട്ടുമുറ്റത്തും കടുവ, സിസിടിവി വീഡിയോ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

news image
Mar 17, 2024, 3:21 am GMT+0000 payyolionline.in

കണ്ണൂര്‍: അടക്കാത്തോട് വീട്ടുമുറ്റത്തും പറമ്പിലും കടുവ ഇറങ്ങി നടക്കുന്നതിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായി. കരിയാൻ കാപ്പില്‍ വീട്ടുപറമ്പില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം വീട്ടുകാര്‍ തന്നെ ഇന്നലെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ കൂടി ലഭിച്ചിരിക്കുന്നത്. ആരെയും ഭയപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണിത്. വീട്ടുമുറ്റത്തും പരിസരത്തുമെല്ലാം സ്വൈര്യമായി നടന്നുപോകുന്ന കടുവയെ ആണ് വീഡിയോയിലെല്ലാം കാണുന്നത്.

ശാരീരികമായി അല്‍പം അവശനിലയിലാണ് കടുവയെന്ന് വീഡിയോ പകര്‍ത്തിയ വീട്ടുകാര്‍ സംശയം പറയുന്നുണ്ട്. കാഴ്ചയിലും ഇങ്ങനെയൊരു സൂചനയുണ്ട്. എന്തായാലും വീട്ടുപരിസരത്ത് തന്നെ കടുവയെ കണ്ട നിലയ്ക്ക് അടക്കാത്തോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

കടുവയെ പിടിക്കാൻ ഒരു കൂട് കൂടി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏറെ ആശങ്കയിലും പേടിയിലുമാണ് നിലവില്‍ അടക്കാത്തോട് പരിസരങ്ങളില്‍ പ്രദേശവാസികള്‍ തുടരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe