കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ആറളം ഫാമിലെ താമസക്കാരൻ ആയ രഘു (43) ആണ് മരിച്ചത്. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ബന്ധുക്കൾ സംഭവത്തിൽ പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് ആറളം ഫാമിനകത്ത് സംഭവം നടന്നത്. രഘു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ സംഘടിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് രഘു വിറക് ശേഖരിക്കാൻ സുഹൃത്തിനൊപ്പം കാടിനുള്ളിലേക്ക് പോയത്.
ഇവിടെ പച്ചിലകൾക്കിടയിൽ മറഞ്ഞ് നിന്നിരുന്ന ആന ഇവരെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. രഘു ഓടുന്നിതിനിടെ വീണു. ഇയാളെ ആന ആക്രമിച്ച് കൊലപ്പെടുത്തി. മുൻപ് സമാനമായ നിലയിൽ ആനകളുടെ ആക്രമണം ഉണ്ടായപ്പോൾ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. മന്ത്രിയടക്കം വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ന് രഘുവിന്റെ മരണം നാട്ടുകാരെ രോഷാകുലരാക്കി. കൊല്ലപ്പെട്ട രഘുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും