കൊയിലാണ്ടി: കണ്ണൂര്‍ പഴയങ്ങാടി കടലില്‍ മറ്റു പ്രദേശത്തുള്ളവര്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി പരാതി. കഴിഞ്ഞ ദിവസം കൊയിലാണ്ടി കൊല്ലത്ത് നിന്നും ബിലാല്‍ വഞ്ചിയില്‍ മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെ കണ്ണൂര്‍ പഴയങ്ങാടി കടലില്‍ മത്സ്യബന്ധനം നടത്തുന്നത് തടയുകയും തൊഴിലാളികളെ ഒരു സംഘം മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ പരുക്കേറ്റ മത്സ്യത്തൊഴിലാളികളായ കൊയിലാണ്ടി കൊല്ലം മാടത്തുമ്മല്‍ വളപ്പില്‍ ഷരീഫ് (25), ഗഫൂര്‍ (35), അഷ്റഫ് (40), കാദിയാര്‍ വളപ്പില്‍ കാസിം (58), കൊയിലാണ്ടി കൊപ്ര പാണ്ടികശാല അബൂബക്കര്‍ (25), കാക്കഞ്ചേരി കൊളക്കോട്ടുമീത്തല്‍ നൌഷാദ് (33) എന്നിവരെയാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പഴയങ്ങാടി കടലില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന ഇവരെ പ്രദേശത്തുള്ള മറ്റു വഞ്ചികളില്‍ എത്തിയവര്‍ മത്സ്യ ബന്ധനം തടയുകയും മര്‍ദിക്കുകയുമായിരുന്നു. ബിലാല്‍ വഞ്ചിയില്‍ ഇന്ധനം തീര്‍ന്നതിനാല്‍ കരയിലേക്ക് കയറാന്‍ പോലും അനുവദിക്കാതെ കടലില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് കൊയിലാണ്ടിയില്‍ നിന്നും മറ്റൊരു വഞ്ചിയില്‍ ഇന്ധനം കൊണ്ടുവന്നാണ് ബിലാല്‍ വഞ്ചിയിലെ തൊഴിലാളികളെ കൊയിലാണ്ടിയിലേക്കെത്തിച്ചത്. അക്രമത്തില്‍ വഞ്ചിക്ക് കേടുപാടുകള്‍ സംഭവിക്കുകയും വല നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ കടലോര മേഖലയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്തു. പരുക്കേറ്റ മത്സ്യത്തൊഴിലാളികളെ എം.എല്‍.എ കെ.ദാസന്, നഗരസഭാ കൌണ്‍സിലര്‍ മാരായ വി.പി ഇബ്രാഹിംകുട്ടി, കെ.എം നജീബ്, എ.അസീസ് എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും സന്ദര്‍ശിച്ചു.
കണ്ണൂര്‍ കടലില്‍ മത്സ്യബന്ധനം നടത്തിയതിന് കൊയിലാണ്ടിയിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം
Nov 12, 2013, 11:20 am IST
payyolionline.in