കണ്ണൂര്‍ അർബൻ നിധി തട്ടിപ്പ്: ഇതുവരെ കിട്ടിയത് 340 പരാതികള്‍, 30 കോടിയോളം രൂപയുടെ തട്ടിപ്പെന്ന് പൊലീസ്

news image
Jan 13, 2023, 7:51 am GMT+0000 payyolionline.in

കണ്ണൂര്‍: അർബൻ നിധി തട്ടിപ്പിൽ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. വ്യാഴാഴ്ച 32 പരാതികൾ കൂടി കണ്ണൂർ ടൗൺ പൊലീസിന് കിട്ടി. ഇതോടെ ഇതുവരെ 340 പരാതികളാണ് അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയത്. ഇതുവരെ കിട്ടിയ 340 പരാതികൾ പ്രകാരം 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്‍റെ വിലയിരുത്തൽ. കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനം വഴിയും സഹസ്ഥാപനമായ എനി ടൈം മണി വഴിയുമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

കേസിലെ പ്രതികളായ തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരെ കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും സ്ഥാപനത്തിന്‍റെ വിവിധ ബ്രാഞ്ചുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 12  % പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ വലയിൽ വീഴ്ത്തിയത്. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാരും പ്രവാസികളും വരെ ഇരകളായതായാണ് വിവരം. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോകടറുടെ പരാതിയിലാണ് ആദ്യം കേമ്പെടുത്തത്. 5300 രൂപ മുതൽ, ഒരു കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്ന് പൊലീസ് പറയുന്നു.

202ൽ ആണ് കമ്പനി തുടങ്ങിയത്. കഴിഞ്ഞവർഷം ഓഗസ്റ്റ് വരെ ജീവനക്കാർക്ക് ശമ്പളവും നിക്ഷേപകർക്കു പലിശയും കൃത്യമായി നൽകിയിരുന്നതായാണ് വിവരം. അതിനുശേഷം എങ്ങനെയാണ് തട്ടിപ്പ് തുടങ്ങിയത് എന്നതിനെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. അഞ്ചാം പ്രതിയും സ്ഥാപനത്തിന്‍റെ അസിസ്റ്റന്‍റ് ജനറൽ മാനേജരുമായ ജീനയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe