കണ്ണൂര്‍: ഇരിക്കൂറില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി മൂന്നംഗ സംഘം അക്രമിച്ചു. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് ഇരിക്കൂറിലെ വ്യാപാരിയായ മാങ്ങാടന്‍ അബൂബക്കര് ഹാജിയെ അക്രമിച്ചത്. ബഹളം കേട്ട് പരിസരവാസികളെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രി എട്ടരയോടെ നിലാമുറ്റം പളളിയില്‍ നിന്നും നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ് അബൂബക്കര്‍ ഹാജിക്ക് നേരെ അക്രമമുണ്ടായത്. ബൈത്തുറഹ്മ റോഡില്‍ വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം അബൂബക്കര് ഹാജിയുടെ കണ്ണില്‍ മുളകു പൊടി വിതറുകയായിരുന്നു. ഹെല്‍മറ്റും മാസ്കും ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അബൂബക്കർ ഹാജി ബഹളം വച്ചതോടെ അക്രമികള്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ അബൂബക്കര്‍ ഹാജി ചികിത്സ തേടി. സംഭവത്തില്‍ ഇരിക്കൂര്‍ പോലീസ് അന്വേഷണം തുടങ്ങി.കവര്‍ച്ച ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമികളെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ല.