മുംബൈ: രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിന് പിന്നാലെ പേടിഎം ഓഹരികൾ നേട്ടത്തിലെത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അഞ്ച് ശതമാനം നേട്ടമാണ് പേടിഎം ഓഹരികൾക്ക് ഉണ്ടായത്.
തുടക്കത്തിൽ 9.77 ശതമാനം നഷ്ടത്തോടെ 395.50 രൂപക്കാണ് പേടിഎം ഓഹരികൾ ബി.എസ്.ഇയിൽ വ്യാപാരം തുടങ്ങിയത്. എന്നാൽ, പിന്നീട് നേട്ടത്തിലേക്ക് ഓഹരികൾ എത്തുകയായിരുന്നു. ഒരാഴ്ചക്കിടെ 39 ശതമാനം ഇടിവാണ് പേടിഎം ഓഹരികൾക്കുണ്ടായത്. പേടിഎം ലോവർ സർക്യൂട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു.
അതേസമയം, പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് വിൽക്കാൻ കമ്പനി ചർച്ച തുടങ്ങിയെന്ന റിപ്പോർട്ടുകൾ തിങ്കളാഴ്ച പുറത്ത് വന്നിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, ജിയോ ഫിനാൻഷ്യൽ സർവീസ് എന്നി കമ്പനികളുമായാണ് ചർച്ച പുരോഗമിക്കുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ, ഇത്തരം റിപ്പോർട്ടുകൾ പേടിഎം നിഷേധിച്ചിരുന്നു.
പേടിഎം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കരുതെന്നും ക്രെഡിറ്റ് ട്രാൻസാക്ഷൻ നടത്തരുതെന്നുമായിരുന്നു ആർ.ബി.ഐ ഉത്തരവ്. ഫെബ്രുവരി 29 മുതൽ വിലക്ക് പ്രാബല്യത്തിലാവുമെന്നും ആർ.ബി.ഐ അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ കെ.വൈ.സി ഡാറ്റ കൈകാര്യം ചെയ്തതിൽ പേടിഎമ്മിന് ഗുരുതരപിഴവുണ്ടായെന്നാണ് ആർ.ബി.ഐയുടെ കണ്ടെത്തൽ. ഇതിനൊപ്പം ആപ് വഴി കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നും ആർ.ബി.ഐ സംശയിക്കുന്നു.