കയറ്റുമതി 13.47% വര്‍ധിച്ചു

news image
Nov 13, 2013, 10:56 am IST payyolionline.in
ന്യൂഡല്‍ഹിഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ കയറ്റുമതി വര്‍ധിക്കുകയും ഇറക്കുമതി താഴുകയും ചെയ്തു. കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.47 ശതമാനത്തിന്‍റെ വര്‍ധവുണ്ടായത്. ഇറക്കുമതി 14.5 ശതമാനത്തിന്‍റെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി എസ്.ആര്‍ റാവു പറഞ്ഞു.

ഇതോടെ രാജ്യത്തെ വ്യാപാരക്കമ്മി കുതിച്ചുയര്‍ന്ന് 10.5 ബില്ല്യണ്‍ ഡോളര്‍. കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് 6.7ബില്ല്യണ്‍ ഡോളറിലെത്തി രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. 2012 ഒക്റ്റോബറില്‍ വ്യാപാരക്കമ്മി 20.2 ബില്യണ്‍ ഡോളറായിരുന്നു.

കഴിഞ്ഞ മാസത്തെ കയറ്റുമതിയില്‍ നിന്നും രാജ്യത്തിന് 27.2 ബില്ല്യണ്‍ ഡോളറിന്‍റെ വരുമാനം ഉണ്ടായി. ഇറക്കുമതി 14.5 ശതമാനം ഇടിഞ്ഞ് 37.8 ബില്ല്യണ്‍ ഡോളറായി. എണ്ണ ഇറക്കുമതി 1.7 ശതമാനം വര്‍ധിച്ച് 15.2 ബില്ല്യണ്‍ ഡോളര്‍.

കയറ്റുമതി വര്‍ധിക്കുമ്പോള്‍ അതിനനുസൃതമായി സാമ്പത്തിക മേഖലയില്‍ വളര്‍ച്ചയുണ്ടാകും. എല്ലാ മേഖലിയിലെയും ഉത്പാദനം മികച്ചതായിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഡിമാന്‍റ് വര്‍ധിച്ചു. എന്നാല്‍ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലും, ലാറ്റിന്‍ അമെരിക്കന്‍ മാര്‍ക്കറ്റുകളിലും മാത്രമാണ് അല്‍പം ഇടിവ് നേരിട്ടതെന്ന് റാവു വ്യക്തമാക്കി.

ഏപ്രില്‍- ഒക്റ്റോബര്‍ മാസങ്ങളില്‍ രാജ്യത്തെ കയറ്റുമതി 6.32 ശതമാനം വര്‍ധിച്ച് 179 ബില്ല്യണ്‍ ഡോളര്‍. ഇതേ കാലയളവിലെ ഇറക്കുമതി 3.8 ശതമാനം ഇടിഞ്ഞ് 270.06 ബില്ല്യണ്‍ ഡോളര്‍. സാമ്പത്തിക വര്‍ഷം കയറ്റുമതി 325 ബില്ല്യണ്‍ യുഎസ് ഡോളറായി വര്‍ധിക്കുമെന്ന് റാവും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സുഗന്ധ വ്യഞ്ജനങ്ങളുള്‍പ്പെടെ, രാജ്യത്തിന്‍റെ പ്രധാന കയറ്റു മതി ഉത്ന്നങ്ങള്‍ക്ക് യുറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ആവശ്യം വര്‍ധിച്ചതോടെയാണ് ഈ വര്‍ഷം കയറ്റുമതിയില്‍ നേട്ടുമുണ്ടാക്കാനായത്.

സാമ്പത്തിക വര്‍ഷം കറന്‍റ് അകൗണ്ട് കമ്മി കുറക്കാനുള്ള നടപടികളുടെ ഭാഗമായി സ്വര്‍ണത്തിന് ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചതോടെ ഈ വര്‍ഷം സ്വര്‍ണം ഇറക്കുമതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഒക്റ്റോബര്‍ വരെയുള്ള ഏഴുമാസത്തില്‍ സ്വര്‍ണം, വെള്ളി ഇറക്കുമതി 12.86 ശതമാനം ഇടിഞ്ഞ് 24 ബില്ല്യണ്‍ ഡോളര്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 28 ബില്ല്യണ്‍ ഡോളറായിരുന്നു.

സ്വര്‍ണ്ണ ഇറക്കു മതിയില്‍ കുറവ് രേഖപ്പെടുത്തിയപ്പോള്‍ പെട്രോളിയം ഇറക്കുമതിയില്‍ നേരിയ വര്‍ധനവാണു ഉണ്ടായത്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 3.3 ശതമാനം വര്‍ധിച്ച് 98.1 ബില്ല്യണ്‍ ഡോളര്‍. ഓക്റ്റോബറിലെ എണ്ണ ഇതര ഉത്പന്നങ്ങളുടെ ഇറക്കുമതി 22.80 ശതമാനം ഇടിഞ്ഞ് 22.6 ബില്ല്യണ്‍ ഡോളര്‍. സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഏഴ് മാസം 7.43 ശതമാനം ഇടിഞ്ഞ് 171.96 ബില്ല്യണ്‍ ഡോളര്‍. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 35 ബില്ല്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 33 ബില്ല്യണ്‍ യുഎസ് ഡോളറായിരുന്നു. വ്യാപാരകമ്മി വര്‍ധിച്ചത് കറന്‍റ് അകൗണ്ട് കമ്മി കുറയുന്നതിന് കാരണമാകും. കയറ്റുമതി വരുമാസങ്ങളിലും വര്‍ധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe