കരുണാകരന്റെ തട്ടകത്തിൽ കെ മുരളീധരനെ ഇറക്കി സർപ്രൈസ്; കോൺഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

news image
Mar 8, 2024, 4:24 am GMT+0000 payyolionline.in

തിരുവനന്തപുരം: കോൺഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥി പട്ടിക. വടകരയിൽ ഷാഫി പറമ്പിലും ആലപ്പുഴയിൽ കെ സി വേണുഗോപാലും സ്ഥാനാർത്ഥികളാകും. കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും.

പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ, നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മുരളി ഒഴിയുന്ന വടകരയിൽ കെ കെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിലിനെ ഇറക്കും. സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. ടി സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. കണ്ണൂരിൽ കെ സുധാകരനും വീണ്ടും മത്സരിക്കും. ഈഴവ -മുസ്ലിം പ്രാധാന്യം ഉറപ്പായതോടെ ആലപ്പുഴയിൽ കെ സി വേണുഗോപാലെത്തും. സംഘടനാ ചുമതലയുള്ളതാണ് കെസിയുടെ കാര്യത്തിൽ അവസാനഘട്ടം വരെ പാർട്ടിയെ കുഴച്ചത്. എഐസിസി നേതൃത്വത്തിന്റെ നിർദ്ദേശം കേസി മത്സരിക്കട്ടെ എന്നായി. ബാക്കി സിറ്റിംഗ് എംപിമാർ എല്ലാവരും തുടരും.

 

തിരുവനന്തപുരത്ത്‌ ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബഹനാൻ, പാലക്കാട് വികെ ശ്രീകണ്ഠൻ, ആലത്തൂരിൽ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവൻ, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എന്നീ സിറ്റിംഗ് എംപിമാർ വീണ്ടും മത്സരിക്കും. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തിൽ ചിന്തയാണ് സർപ്രൈസ് സ്ഥാനാർത്ഥത്തിന് കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് കെ മുരളീധരനെ തൃശ്ശൂരിലേക്ക് നിർദ്ദേശിച്ചത്. ടി എൻ പ്രതാപന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe