കരുതിയിരിക്കണം കൊവിഡാനന്തര രോഗങ്ങളെ ; പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ശക്തമാക്കി : ആരോഗ്യ മന്ത്രി

news image
Jan 28, 2022, 11:14 am IST payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നതിനാല്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രാഥമിക ആരോഗ്യതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. കൊവിഡ് അതിതീവ്ര വ്യാപന സമയത്ത് ഏതാണ്ടത്രയും പേര്‍ തന്നെ കൊവിഡ് മുക്തരാകാറുണ്ട്. കൊവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകും. കൊവിഡ് മുക്തരായ എല്ലാവര്‍ക്കും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കത്തക്കവിധമാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുള്ളത്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ശനി വരെ ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളില്‍ മാനേജ്‌മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. കൊവിഡ് മുക്തരായവരില്‍ അമിത ക്ഷീണം, പേശീ വേദന മുതല്‍ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ വരെ കണ്ടുവരുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ ഏഴ് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കോവിഡ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്.

ഇതില്‍ 53,280 പേരില്‍ ശ്വാസകോശം, 8609 പേരില്‍ ഹൃദ്രോഗം, 19,842 പേരില്‍ പേശീ വേദന, 7671 പേരില്‍ ന്യൂറോളജിക്കല്‍, 4568 പേരില്‍ മാനസികാരോഗ്യം എന്നിവ സംബന്ധമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 2732 പേരെ വിദഗ്ധ ചികിത്സയ്ക്ക് റഫര്‍ ചെയ്തു.

1294 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായി വന്നത്. ഈയൊരു സാഹചര്യം മനസിലാക്കിയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ക്ക് ആരോഗ്യ വകുപ്പ് പ്രാധാന്യം നല്‍കുന്നത്. സംസ്ഥാന, ജില്ലാ, സ്ഥാപന തലങ്ങളില്‍ പ്രത്യേക സമിതികളാണ് സര്‍ക്കാര്‍, സ്വകാര്യ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പും മേല്‍നോട്ടത്തവും വഹിക്കുന്നത്. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ നേരിട്ട് എത്തിയോ ഫോണ്‍ വഴിയോ ഇ സ്ജീവനി ടെലിമെഡിസിന്‍ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാവുന്നതാണ്. ജനറല്‍ മെഡിസിന്‍, ഹൃദ്രോഗ വിഭാഗം , റെസ്പിറേറ്ററി മെഡിസിന്‍, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെര്‍മറ്റോളജി, ഇ.എന്‍.ടി., അസ്ഥിരോഗവിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.

 

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിര്‍ത്തുവാനുള്ള വിവിധ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള പള്‍മണറി റിഹാബിലിറ്റേഷന്‍ സേവനങ്ങളും ലഭ്യമാണ്.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe