‘കലൂരിലെ കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനം’; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാൾ പിടിയിൽ

news image
Sep 26, 2022, 6:31 am GMT+0000 payyolionline.in

കൊച്ചി: കലൂരിൽ ഇന്നലെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷിനെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശിയാണ് പിടിയിലായത്. രാജേഷ് കൊലപാതക കേസിലെ മുഖ്യ പ്രതികൾ കാസർകോട്, തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണെന്ന് വ്യക്തമായി.

 

 

കൊലയാളികളും ഉടൻ പിടിയിലാകുമെന്നാണ് കൊച്ചി സിറ്റി പൊലീസ് പറയുന്നത്. എന്നാൽ രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്ന് കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ വ്യക്തമാക്കി. പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചത്. ഒന്നര മാസത്തിനുള്ളിൽ കൊച്ചി നഗരമധ്യത്തിലുണ്ടായ ആറാമത്തെ കൊലപാതകമായിരുന്നു ഇത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കലൂരിൽ അർദ്ധരാത്രി കുത്തിക്കൊന്നത്.

കലൂർ സ്റ്റേഡിയത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർഷോയുമുണ്ടായിരുന്നു. ഈ ലേസർ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു കൊല്ലപ്പെട്ട രാജേഷ്. 24 വയസായിരുന്നു രാജേഷിന്.

ഗാനമേളയ്ക്കിടെ, രണ്ട് പേർ പരിപാടി കാണാനെത്തിയ പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് സംഘടകർ ചോദ്യം ചെയ്തു. രാജേഷ് അടക്കമുള്ളവർ ചേർന്ന് പ്രശ്നമുണ്ടാക്കിയ രണ്ട് പേരെയും ഗാനമേള കാണുന്നത് വിലക്കി. ഇവരെ പരിപാടി നടക്കുന്ന സ്ഥലത്തിന് പുറത്താക്കി.

ഇതിൽ അമർഷം പൂണ്ട പ്രതികൾ പരിപാടി കഴിയുന്നത് വരെ കാത്തിരുന്നു. പരിപാടി കഴിഞ്ഞ ശേഷം ഇരുവരും തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ കല്ലുകൊണ്ട്  തലയ്ക്കടിയ്ക്കാൻ ശ്രമിച്ചത് രാജേഷിന്‍റെ സുഹൃത്തുക്കൾ തടഞ്ഞു.

ഈ സമയം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന താടിയുള്ള ഒന്നാം പ്രതി കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തികൊണ്ട് രാജേഷിനെ തുരുതുരാ കുത്തുകയായിരുന്നു. ചോരയിൽ കുളിച്ച രാജേഷിനെ സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കൊച്ചിയിൽ ക്രൂരമായ കൊലപാതകങ്ങൾ ആവർത്തിക്കുന്നത് പൊതുജനത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe