കലോത്സവത്തിനിടെ വേദിയിൽ കൈയാങ്കളി; വടകരയില്‍ വിധികർത്താവിനെ കൈയേറ്റം ചെയ്യാൻ ശ്രമം

news image
Dec 1, 2022, 5:41 am GMT+0000 payyolionline.in

വടകര: ജില്ല കലോത്സവത്തിനിടെ അറബനമുട്ട് വിധികർത്താക്കൾക്കുനേരെ കൈയേറ്റശ്രമം. തടയാനെത്തിയവർക്കും മർദനം. ഒരാൾക്ക് പരിക്കേറ്റു. എം.യു.എം ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരൻ പുതുപ്പണം മിസ്ബാഹ് മഹലിൽ മുബഷിറിനാണ് (32) പരിക്കേറ്റത്.

ചിങ്ങപുരം സി.കെ.ജി സ്കൂളിൽ നിന്നെത്തിയവരാണ് ആക്രമണം നടത്തിയതെന്ന പരാതിയിൽ സ്കൂൾ അധ്യാപകരിൽനിന്ന് വിദ്യാഭ്യാസ ഡെ. ഡയറക്ടർ വിശദീകരണം തേടി. ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാല് അധ്യാപകരിൽനിന്നാണ് ഡി.ഡി.ഇ കലോത്സവ സ്ഥലത്ത് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.

ആക്രമണം സംബന്ധിച്ച് ഇവരിൽനിന്നുള്ള വിശദീകരണം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഡി.ഡി.ഇ പറഞ്ഞു. എം.യു.എം ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംഭവം. അറബനമുട്ട് ഫലപ്രഖ്യാപനം കഴിഞ്ഞയുടനെയാണ് ഒരുവിഭാഗം അധ്യാപകർ പ്രഖ്യാപനത്തിൽ അപാകതയുണ്ടെന്നാരോപിച്ച് വിധികർത്താക്കളെ ചോദ്യംചെയ്യാനെത്തിയത്.

ഇതിനിടെയുണ്ടായ കൈയാങ്കളിയിൽ തടയാനെത്തിയ നിരവധിപേർക്ക് മർദനമേറ്റു. വിധികർത്താവിനെ ആക്രമിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ കസേര കൊണ്ടുള്ള അടിയേറ്റാണ് മുബഷിറിന് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ മുബഷിർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഇതിനിടെ കരിമ്പലപ്പാലത്ത് കലോത്സവം കഴിഞ്ഞുപോകുന്ന വാഹനം തടഞ്ഞ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe