കളമശ്ശേരി സ്ഫോടനം: മാർട്ടിൻ ബോംബ് നിർമിക്കാൻ സാധനങ്ങൾ വാങ്ങിയ കടയിലും പെട്രോൾ പമ്പിലും വീട്ടിലും തെളിവെടുപ്പ്

news image
Nov 9, 2023, 4:02 am GMT+0000 payyolionline.in

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ കൂടുതൽ ഇടങ്ങളിലെ തെളിവെടുപ്പ് ഇന്ന് നടക്കും. ബോംബ് നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങൾ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോൾ വാങ്ങിയ പെട്രോൾ പമ്പ്, തമ്മനത്തെ വീട്, അങ്കമാലിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇടം അടക്കമുള്ള സ്ഥലങ്ങളിൽ മാർട്ടിനെ എത്തിച്ചാകും തെളിവെടുപ്പ്.

സ്ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടുത്തെ തെളിവെടുപ്പ് മൂന്നര മണിക്കൂർ നീണ്ടുനിന്നു. ഈ മാസം 15 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

 

മാര്‍ട്ടിനെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് പൊലീസ് നേരത്തെ  കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ഡൊമിനിക് മാർട്ടിൻ ആവര്‍ത്തിച്ചു. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോ​ഗ്യവാനാണെന്നും പ്രതി പറഞ്ഞു.

15 വർഷത്തിലേറെ ദുബൈയിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കണമെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഇതിനായാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. സ്ഫോടന വസ്തുക്കൾ മാർട്ടിൻ‌ പല സ്ഥലങ്ങളിൽ നിന്നാണ് മാർട്ടിൻ വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിയത് എന്നത് ഉള്‍പ്പെടെ കണ്ടെത്തണം.

 

അതേസമയം കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. കളമശ്ശേരി സ്വദേശി മോളി ജോയ് (61) ആണ്‌ കഴിഞ്ഞ ദിവസം മരിച്ചത്. രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe