കള്ളപ്പണം പ്രോത്സാഹിപ്പിക്കരുത്: സ്വിസ് ബാങ്കുകളോട് സര്‍ക്കാര്‍

news image
Dec 4, 2013, 11:55 am IST payyolionline.in
ജനീവ: ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്ന് സ്വിസ് ബാങ്കുകളിലേക്ക് കള്ളപ്പണം ഒഴുകുന്നതു നിയന്ത്രിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ തീരുമാനം. വിദേശ ഇടപാടുകാരുടെ നിക്ഷേപങ്ങളില്‍ പ്രത്യേക ശ്രദ്ധയും സൂക്ഷ്മതയും വേണമെന്ന് ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അനധികൃതമായി ഫണ്ടുകള്‍ ഒഴുകിയെത്തുന്നത് തടയാന്‍ ജാഗ്രത പുലര്‍ത്തണം. അന്താരാഷ്ട്ര നികുതി നിയമങ്ങള്‍ അനുസരിക്കണമെന്നും നിര്‍ദേശം. നികുതി സംബന്ധമായ വിവരങ്ങള്‍ മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് സമ്മതിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ ഈ നിര്‍ദേശം. രഹസ്യ സ്വിസ് അക്കൗണ്ടുകളിലെ കള്ളപ്പണത്തെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന ഇന്ത്യയ്ക്ക് വളരെയേറെ പ്രയോജനപ്രദമാണ് സ്വിസ് സര്‍ക്കാരിന്‍റെ നീക്കം. നികുതി വെട്ടിച്ചു കൊണ്ടുവരുന്ന ഫണ്ടുകളല്ല നിക്ഷേപിക്കപ്പെടുന്നത് എന്നുറപ്പുവരുത്താന്‍ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ബാങ്കിങ് രഹസ്യങ്ങള്‍ ഉപേക്ഷിച്ച്, സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള പാരിസ് ആസ്ഥാനമായ ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ പങ്കാളിയാവാന്‍ സ്വിറ്റ്സര്‍ലന്‍ഡ് നേരത്തേ തീരുമാനിച്ചിരുന്നു. ഈ സംഘടനയിലെ അംഗത്വം വഴി നികുതി സംബന്ധമായ വിവരങ്ങള്‍ പരസ്പരം കൈമാറണം. കള്ളപ്പണം രാജ്യത്തേയ്ക്ക് ഒഴുകുന്നതു തടയാന്‍ നടപടികള്‍ നിര്‍ദേശിച്ചുകൊണ്ട് സ്വിസ് ബാങ്കേഴ്സ് അസോസിയേഷനും(എസ്ബിഎ) രംഗത്തുവന്നിട്ടുണ്ട്. നികുതി വെട്ടിച്ച പണമാണെന്നു ബോധ്യപ്പെട്ടാല്‍ അതു നിക്ഷേപമായി സ്വീകരിക്കരുതെന്ന് സ്വിസ് ബാങ്കുകളുടെ ഉന്നത സമിതിയായ എസ്ബിഎ ആവശ്യപ്പെടുന്നു. സ്വിറ്റ്സര്‍ലന്‍ഡിന് അകത്തു തന്നെ ബാങ്കുകള്‍ മാറിക്കൊണ്ടിരിക്കുന്ന വിദേശ ഇടപാടുകാര്‍ക്കും ഇതു ബാധകമാണ്.
നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കുന്നവര്‍ക്കേ നിക്ഷേപം അനുവദിക്കാവൂ- അവര്‍ ബാങ്കുകളോട് നിര്‍ദേശിക്കുന്നു. സ്വിസ് ബാങ്കുകളിലെ മൊത്തം നിക്ഷേപത്തില്‍ 51 ശതമാനവും വിദേശത്തുനിന്നുള്ളതാണെന്നാണു കണക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe