കവർച്ചക്കേസിൽ ശിക്ഷ വിധിച്ച ശേഷം മുങ്ങി; ചെങ്ങന്നൂരില്‍ ഒളിവു ജീവിതം നയിച്ച പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

news image
May 14, 2024, 7:45 am GMT+0000 payyolionline.in

ചെങ്ങന്നൂർ: കവർച്ചക്കേസിൽ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ തമിഴ്നാട്ടിൽ നിന്നു പൊലീസിന്റെ പിടിയിലായി. പാണ്ടനാട് കീഴ്‌വൻവഴി കണ്ടത്തിൽ പറമ്പിൽ മനോജിനെയാണ് (ബിനു48) പൊലീസ് അറസ്റ്റ് ചെയ്തത്.

2007 മാർച്ച് 31ന് പാലമേൽ മുതുകാട്ടുകര ആർടി വർഗീസിനെ ബൈക്ക് തടഞ്ഞു നിർത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും സ്വർണമോതിരവും കവർച്ച ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് മനോജ്. ശിക്ഷ വിധിക്കപ്പെട്ടെങ്കിലും 2009 മുതൽ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തമിഴ്നാട് തിരുപ്പൂർ അവിനാശി ഭാരതി നഗറിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മനോജിനെതിരെ മാന്നാർ, ചെങ്ങന്നൂർ, വീയപുരം, വെൺമണി പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.  ഇൻസ്പെക്ടർ എ നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ ബിജെ ആന്റണി, സീനിയർ സിപിഒ എസ് റഹീം, സിപിഒ പിജെ സതീഷ് എന്നിവ‌രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe