ദില്ലി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ വനത്തിൽ അഞ്ച് സൈനികർ വീരചരമം പ്രാപിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പിഎഫ്എഫ് പൂഞ്ചിലെ ആക്രമണം നടത്തിയത് സൈന്യത്തെ വനത്തിലേക്ക് കൊണ്ടുവരുന്നതിനായിരുന്നുവെന്നും തങ്ങൾ ഊഹിച്ചത് തന്നെ സംഭവിച്ചുവെന്നും വ്യക്തമാക്കി രംഗത്ത് വന്നു. പൂഞ്ചിൽ ഏപ്രിൽ 20 ന് സൈനിക ട്രെക്ക് ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയ ഭീകരരെ തിരഞ്ഞ് ഇന്ന് ഉൾവനത്തിൽ പോയ അഞ്ച് ഇന്ത്യൻ സൈനികരാണ് വീരചരമം പ്രാപിച്ചത്.
ലെഫ്റ്റനന്റ് നായ്ക് ഉത്തരാഖണ്ഡ് സ്വദേശി രുചിൻ സിങ് റാവത്ത്, പശ്ചിമ ബംഗാൾ സ്വദേശിയും പാരാട്രൂപ്പറുമായിരുന്ന സിദ്ധാന്ത് ഛേത്രി, ഹിമാചൽ പ്രദേശിയിൽ നിന്നുള്ള നായ്‌ക് അരവിന്ദ് കുമാർ, പാരാട്രൂപ്പർ പ്രമോദ് നേഗി, ജമ്മു കശ്മീർ സ്വദേശി ഹവീൽദാർ നീലം സിങ് എന്നിവരാണ് ഇന്ന് വീരചരമം പ്രാപിച്ചത്.
വനത്തിനകത്ത് ചെങ്കുത്തായ പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്ത് ഗുഹയിൽ ഒളിച്ചുനിന്ന ഭീകരർ സൈന്യത്തിന് നേരെ കടുത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ട് സൈനികർ വീര ചരമമടഞ്ഞു. നാല് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരിൽ മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ടോടെ മറ്റ് മൂന്ന് സൈനികർ കൂടി മരണത്തിന് കീഴടങ്ങി. അതിക്രൂരമായ ഈ ഭീകരാക്രമണം ഇന്ത്യയുടെ നെഞ്ചിൽ മറ്റൊരു നോവായി മാറി.
സംഭവത്തിന് പിന്നാലെ രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ഇപ്പോഴും അത്യാസന്ന നില തരണം ചെയ്തിട്ടില്ല. രജൗരി സെക്ടറിലെ കണ്ടി വനമേഖലയിലാണ് ഭീകരർ ഒളിച്ചു നിന്നത്. രാവിലെ ഏഴരയോടെ സൈനിക സംഘം ഇങ്ങോട്ടേക്ക് പുറപ്പെട്ടു. ഒരു ഗുഹക്കകത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് കരുതി ഇവിടെയെത്തിയ സൈന്യം ശക്തമായ ആക്രമണം നേരിടേണ്ടി വന്നു. വിവരമറിഞ്ഞ് കൂടുതൽ സൈന്യം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് ഭീകരർ ഗുഹയ്ക്ക് അകത്ത് കുടുങ്ങിയ അവസ്ഥയിലാണ്. സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ഭീകരർക്കും വെടിയേറ്റിട്ടുണ്ടെന്നാണ് വിവരം. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.