കാട്ടാക്കട മർദ്ദനം; 4 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി, നടപടി പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ

news image
Sep 20, 2022, 2:58 pm GMT+0000 payyolionline.in

തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ആർടിസി. 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

സംഭവത്തിന് പിന്നാലെ സിഎംഡിയോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തെ പ്രാഥമിക അന്വേഷണം നടത്താൻ നിയോഗിച്ചത്. മ‍ർദ്ദനമേറ്റ ആമച്ചൽ സ്വദേശി പ്രേമനന്റെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം വിജിലൻസ് റിപ്പോർട്ട് കൈമാറി. ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കി കൈമാറിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയപ്പോഴാണ് ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനന് കെഎസ്ആർടിസി ജീവനക്കാരുടെ മ‍ർദ്ദനമേറ്റത്. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകി.

പിന്നാലെ വാക്കേറ്റമായി. ഇതിനിടയിൽ വെറുതെയല്ല കെഎസ്ആർടിസി രക്ഷപ്പെടാത്തതെന്ന് പ്രേമനൻ പറഞ്ഞത് ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ജീവനക്കാർ ചേർന്ന് പ്രേമന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമ മുറിയിലേക്ക് തള്ളിയിട്ടു.  ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമന് പരിക്കേറ്റു. ഉപദ്രവിക്കരുതെന്ന് മകൾ കരഞ്ഞു പറ‍ഞ്ഞിട്ടും ജീവനക്കാര്‍ ചെവിക്കൊണ്ടില്ല. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രേഷ്മയും സുഹൃത്തും പരാതി നൽകിയതിന് പിന്നാലെ പൊലീസെത്തിയാണ് പ്രേമനനെ തടങ്കലിൽ നിന്ന് മോചിപ്പിച്ചത്.

പരിക്കേറ്റ പ്രേമനൻ കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അച്ഛനും മകൾക്കും നേരെ അതിക്രമം നടത്തിയ സംഭവത്തില്‍  കണ്ടാൽ അറിയാവുന്ന അ‌ഞ്ചുപേര്‍ക്കെതിരെ, അന്യായമായി തടങ്കലിൽ വച്ചതിനും സംഘം ചേര്‍ന്ന് ആക്രമിച്ചതിനും കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്.  സംഭവത്തില്‍ ഹൈക്കോടതിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിനോടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദ്ദേശം നല്‍കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe