കാട്ടുപന്നിയെ കൊല്ലാന്‍ ഹൈക്കോടതി അനുമതി ലഭിച്ചവരില്‍ കന്യാസ്ത്രീയും

news image
Sep 18, 2021, 7:01 pm IST

കോഴിക്കോട്:  കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ കന്യാസ്ത്രീയും. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയത്. കോഴിക്കോട് ജില്ലയിലെ കരുവാരക്കുണ്ടിലെ മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിയാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചവരില്‍ ഒരാള്‍. മഠത്തിലും പരിസരത്തുമായുള്ള കാര്‍ഷിക വിളകള്‍ക്ക് നേരെ കാട്ടുപന്നിയുടെ അതിക്രമം വര്‍ധിച്ചതിന് പിന്നാലെയാണ് സിസ്റ്റര്‍ ജോഫിയും കോടതിയെ സമീപിച്ചത്.

കോണ്‍വെന്‍റിലെ പറമ്പിലെ വിളകള്‍ എല്ലാം തന്നെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നശിച്ചിരുന്നു. വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. കപ്പ, വാഴ, ജാതി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ ഒന്നും തന്നെ നടുക എന്നതല്ലാതെ കാട്ടുപന്നിയുടെ ശല്യത്തില്‍ വിളവെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. മഠത്തിന് നാല് ഏക്കര്‍ കൃഷിഭൂമിയാണുള്ളത്. കൃഷിയിടങ്ങളില്‍ കാട്ടുപന്നി കൂട് വയ്ക്കുന്ന സ്ഥിതിയാണ് അടുത്ത കാലത്തുള്ളതെന്നും സിസ്റ്റര്‍ പറയുന്നു. ജാതി മരങ്ങള്‍ കടിച്ചുകീറി നശിപ്പിച്ച സ്ഥിതിയിലാണുള്ളത്. വേലികെട്ടി ജാതി മരങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഫലവത്തായില്ല.

കാട്ടുപന്നിയെ തോട്ടത്തില്‍ നിന്ന് ഓടിക്കാതെ കൃഷി സാധ്യമല്ലെന്ന അവസ്ഥയാണ് പ്രദേശത്തുള്ളതെന്നാണ് സിസ്റ്റര്‍ പറയുന്നത്. കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സനീഷ് കുമാര്‍ ജോസഫ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നക്ഷത്രചിഹ്നം ഇട്ട ചോദ്യം നമ്പര്‍ 357b ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി, നിയമസഭാ സാമാജികരെയും സഭയെ തന്നെയും കബളിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കര്‍ഷക സംഘടനയിലൂടെ കോടതിയെ സമീപിച്ചതില്‍ 13 പേര്‍ക്ക് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി കോടതി നല്‍കിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe