മാവേലിക്കര: കാണാതായ ലോഗ് ബുക്ക് തിരിച്ച് കിട്ടിയതിന് പിന്നാലെ പൊലീസ് പരാതി പിന്‍വലിച്ചതില്‍ മാവേലിക്കര നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ ബഹളം. മാവേലിക്കര നഗരസഭയിലെ ജീപ്പിന്റെ ലോഗ് ബുക്കാണു കഴിഞ്ഞ മാർച്ച് 31നു അപ്രത്യക്ഷമായത്. നഗരസഭയിലെ ഡ്രൈവർ നവാസിന്റെ കൈവശം ആയിരുന്നു ലോഗ് ബുക്ക്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്റെ മുറിയിലിരുന്നു ലോഗ് ബുക്ക് എഴുതുന്നതിനിടെ അടിയന്തരമായി നഗരസഭയുടെ ആവശ്യത്തിനായി ഓട്ടം പോയി. തിരികെ വന്നു നോക്കുമ്പോൾ ലോഗ് ബുക്ക് അവിടെ കാണാനില്ലായിരുന്നെന്നു വിശദീകരിച്ചു നവാസ് മാർച്ച് 31നു നഗരസഭ സെക്രട്ടറിക്കു പരാതി നൽകിയിരുന്നു.
നവാസിന്റെ പരാതിയെ തുടർന്നാണ് നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്. ഏപ്രിൽ 10നു നഗരസഭയിലെ ബിജെപി കൗൺസിലറായ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്.രാജേഷിന്റെ മേശയുടെ അടിയിൽ ലോഗ് ബുക്ക് കണ്ടെത്തുകയായിരുന്നു. അവധിക്കു ശേഷം ഓഫിസിലെത്തിയ രാജേഷ്, മേശയുടെ അടിയിൽ കണ്ട ബുക്ക് നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, സൂപ്രണ്ട് എന്നിവരെ വിളിപ്പിച്ചു കൈമാറുകയായിരുന്നു. നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകിയതിനാൽ റിപ്പോർട്ട് സഹിതം മാത്രമേ ബുക്ക് കൈപ്പറ്റാൻ സാധിക്കൂവെന്നു സൂപ്രണ്ട് അറിയിച്ചതിനെ തുടർന്നു കാര്യങ്ങൾ വിശദീകരിച്ചും അനാസ്ഥ കാട്ടിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടും കത്തെഴുതി രാജേഷ് ബുക്ക് കൈമാറി.
ലോഗ് ബുക്ക് തിരികെ ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം നഗരസഭ സെക്രട്ടറി പൊലീസിൽ നൽകിയ പരാതി പിൻവലിച്ച് ഏപ്രിൽ 12നു നവാസിനു കാരണം കാണിക്കൽ നോട്ടിസ് നല്‍കി. പൊലീസിൽ പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്താനും കേസ് അന്വേഷിക്കാനും പൊലീസ് ഉദ്യോഗസ്ഥർ ആരും എത്തിയില്ലെന്നും അതിനാൽ പരാതി പിൻവലിക്കുകയായിരുന്നെന്നും സെക്രട്ടറി സംഭവത്തേക്കുറിച്ച് വിശദീകരിച്ചത്. നഗരസഭയിൽ നിന്നു കാണാതായ ലോഗ് ബുക്ക് 10 ദിവസത്തിനുള്ളിൽ തിരികെ ലഭിച്ചതിനു പിന്നാലെ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചതിനെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ രൂക്ഷമായ ബഹളമാണുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ കൗൺസിൽ യോഗം ആരംഭിച്ച് അജൻഡ പരിഗണിക്കും മുൻപാണു ലോഗ് ബുക്ക് കാണാതായ സംഭവം കോൺഗ്രസ് കൗൺസിലർമാർ ഉന്നയിച്ചത്.