കാത്തിരുപ്പ് വിഫലം; കണ്ണൂർ തോണിയപകടത്തിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെടുത്തു

news image
Sep 27, 2022, 5:25 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ അത്താഴക്കുന്നിലെ തോണി അപകടത്തിൽ മരണം മൂന്നായി. തോണി മറിഞ്ഞ് കാണാതായ അത്താഴക്കുന്നിലെ കെ.സഹദിന്റെ മൃതദേഹവും കണ്ടെത്തി. വള്ളുവൻ കടവ് ഭാഗത്ത് കരയോട് ചേർന്നാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അഷ്‌കര്‍ എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

 

പുല്ലുപ്പിക്കടവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് തോണി മറിഞ്ഞ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. എന്നാൽ സംഭവം പുറം ലോകമറിഞ്ഞത് ഇന്നലെ പകൽ മാത്രമായിരുന്നു. ഇന്നലെ രാവിലെ പുഴയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചെത്തിയ പൊലീസും ഫയർഫോഴ്സുമാണ് അപകടത്തിന്റെ വ്യാപ്തി കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തി. കാണാതായ സഹദിനെ കണ്ടെത്താനായി കളക്ടര്‍ നേവിയുടെ സഹായം തേടിയിരുന്നു. രാവിലെ തെരച്ചിൽ തുടങ്ങാനിരിക്കെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. പുഴയിലെ ശക്തമായ അടിയൊഴുക്ക് കഴിഞ്ഞ ദിവസം തെരച്ചിലിനെ ബാധിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe