കാനഡയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍

news image
Oct 8, 2023, 3:20 am GMT+0000 payyolionline.in

വാന്‍കൂവര്‍: കാനഡയില്‍ ഏതാനും ദിവസം മുമ്പ് ചെറുവിമാനം തകര്‍ന്നു മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മുംബൈ സ്വദേശികളാണ് മരിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.മുംബൈ വാസൈ സ്വദേശിയായ 25 വയസുകാരന്‍ അഭയ് ഗദ്രു, സാന്താക്രൂസ് സ്വദേശിയായ യാഷ് വിജയ് എന്നിവരാണ് മരിച്ചത്. ഇരുവരും പൈലറ്റ് ട്രെയിനികളായിരുന്നു. ഇരട്ട എഞ്ചിനുള്ള പൈപര്‍ പിഎ – 34 സെനക വിമാനമാണ് ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറിനടുത്ത് ചിലിവാക്കിലുള്ള പ്രാദേശിക വിമാനത്തവാളത്തിന് സമീപം തകര്‍ന്നുവീണത്. പരിശീലനത്തിനിടെ അപകടം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.പൈലറ്റ് ആകാനുള്ള പരിശീലനത്തിന് വേണ്ടി കാനഡയിലേക്ക് പോകുന്നതിന് മുമ്പ് മുബൈയിലെ എവര്‍ഷൈന്‍ ഏരിയയിലുള്ള കൃഷ്ണ വന്ദന്‍ സൊസൈറ്റിയിലായിരുന്നു അഭയ് താമസിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം സംബന്ധിച്ച വിവരം അറിയിച്ചുകൊണ്ട് ഇവര്‍ക്ക് ഫോണ്‍ കോള്‍ ലഭിക്കുന്നത്.

അഭയുടെ സഹോദരന്‍ ചിരാഗും ഒരു വര്‍ഷമായി കാനഡയില്‍ പഠിക്കുകയാണ്. എന്നാല്‍ അഭയുടെ മൃതദേഹം കാണാന്‍ ചിരാഗിനെ കാനഡ അധികൃതര്‍ ഇതുവരെ അനുവദിച്ചിട്ടില്ല. അഭയ് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ഞായറാഴ്ച കൈമാറാമെന്ന് ചിരാഗിനെ അറിയിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.അതേസമയം ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് കാനഡ. ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പൂരിലേക്കും ക്വാലാലംപൂരിലേക്കുമാണ് മാറ്റിയത്. ഈ മാസം പത്തിനുള്ളില്‍ ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ മാറ്റിയത്. ദില്ലിക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെയാണ് സിംഗപ്പൂരിലേക്കും ക്വാലാലംപൂരിലേക്കും മാറ്റിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe