കാന്‍സര്‍ ചികിത്സാ സംവിധാനം 24 ആശുപത്രികളില്‍: മന്ത്രി വീണാ ജോർജ്‌

news image
Jan 28, 2022, 6:36 pm IST payyolionline.in

തിരുവനന്തപുരം: കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികളുടെ ചികിത്സയ്‌ക്കായുള്ള ദീർഘദൂര യാത്രകൾ ഒഴിവാക്കാൻ കഴിയുന്ന തരത്തിൽ 24 സര്‍ക്കാര്‍ ആശുപത്രികളിൽ സംവിധാനം സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട് കാന്‍സര്‍ ചികിത്സ പൂര്‍ണമായും ഈ കേന്ദ്രങ്ങളിലൂടെ സാധ്യമാണ്. കീമോതെറാപ്പി, മറ്റ് ക്യാന്‍സര്‍ അനുബന്ധ ചികിത്സകള്‍ എന്നിവയ്ക്കായി ഈ കേന്ദ്രങ്ങളില്‍ പോകാതെ തുടര്‍ ചികിത്സ സാധ്യമാക്കുന്ന തരത്തിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് ആര്‍സിസിയിലും മെഡിക്കല്‍ കോളേജുകളിലും ലഭിച്ചു കൊണ്ടിരിക്കുന്ന അതേ ചികിത്സ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

റീജിയണല്‍ കാന്‍സര്‍ സെന്ററുകളിലെ ഡോക്‌ടര്‍മാരുമായി നിരന്തരം സംവദിക്കുന്നതിന് ആശുപത്രികളില്‍ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. അതിലൂടെ രോഗികളുടെ വിവരങ്ങള്‍, ചികിത്സ, ഫോളോ അപ് തുടങ്ങിയ കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്‌ത് വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നു.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി മാവേലിക്കര, കോട്ടയം പാല ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി കോട്ടയം, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കഞ്ചിക്കോട് ഇസിഡിസി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി, ജില്ലാ ആശുപത്രി തലശേരി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സൗകര്യമുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe