കാര്‍ വില്‍പ്പനയില്‍ 8% ഇടിവ്, പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ

news image
Dec 12, 2013, 12:44 am IST payyolionline.in
ന്യൂഡല്‍ഹി: ആഭ്യന്തര കാര്‍ വില്‍പ്പന തുടര്‍ച്ചയായി രണ്ടാം മാസവും നിരാശാജനകമായ നിലയില്‍. നവംബറില്‍ 8.15% ഇടിവാണുള്ളതെന്ന് ഇന്ത്യന്‍ ഓട്ടൊമൊബീല്‍ മാനുഫാക്ചറേഴ്സ് സൊസൈറ്റി (സിയാം). പുതിയ കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു അവര്‍. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വാഹന മേഖലയ്ക്ക് ഉത്തേജനമാവുന്ന നടപടികള്‍ പ്രതീക്ഷിക്കാനാവില്ലന്ന് അവരുടെ കണക്കുകൂട്ടല്‍.

നവംബറിലെ മൊത്തം കാര്‍ വില്‍പ്പന 1,42,849 യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,55,535 യൂണിറ്റുകളായിരുന്നു. വെല്ലുവിളിയുടെ കാലഘട്ടമാണിതെന്ന് സിയാം ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ സുഗതോ സെന്‍. ഉയര്‍ന്ന പലിശയും കൂടിയ ഇന്ധനച്ചെലവും വാഹന മേഖലയ്ക്ക് ക്ഷീണമുണ്ടാക്കുന്നു. രാജ്യത്തെ മൊത്തം സാമ്പത്തിക സാഹചര്യവും അനുകൂലമല്ല. ഈ സമയത്ത് ഇപ്പോഴത്തെ സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാനുമാവില്ല- സെന്‍ പറഞ്ഞു.

നവംബറില്‍ മാരുതി സുസുക്കിയുടെ ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ 4.22% ഇടിവുണ്ട്. 71,649 യൂണിറ്റുകളാണു വിറ്റത്. ഹ്യുണ്ടായിക്ക് 3.66% ഇടിവ്. അവര്‍ 33,427 യൂണിറ്റുകള്‍ വിറ്റഴിച്ചു. ടാറ്റ മോട്ടോഴ്സിന്‍റെ ആഭ്യന്തര കാര്‍ വില്‍പ്പന 41.57 ശതമാനമാണ് കുറഞ്ഞത്. വിറ്റത് 7,910 യൂണിറ്റ്. കോംപാക്റ്റ് സെഡാന്‍ അമേസിന്‍റെ പിന്തുണയോടെ ഹോണ്ട 9,310 യൂണിറ്റുകള്‍ വിറ്റു. 150.87% വളര്‍ച്ച. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആഭ്യന്തര വില്‍പ്പനയില്‍ 30.46% ഇടിവ്. 16,249 യൂണിറ്റുകളാണു വിറ്റത്.

അതേസമയം, മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 1.44% ഉയര്‍ന്ന് 8,80,015 യൂണിറ്റുകളായെന്ന് സിയാം പറയുന്നു. മാര്‍ക്കറ്റ് ലീഡര്‍ ഹീറോയ്ക്ക് അഞ്ചു ശതമാനമാണ് വില്‍പ്പന വളര്‍ച്ച. നവംബറില്‍ വിറ്റത് 4,65,505 യൂണിറ്റുകള്‍. എന്നാല്‍, എതിരാളികളായ ബജാജിന്‍റെ ബൈക്ക് വില്‍പ്പനയില്‍ 28.42% ഇടിവുണ്ട്. അവര്‍ കഴിഞ്ഞമാസം വിറ്റത് 1,62,616 യൂണിറ്റുകള്‍. ഹോണ്ടയ്ക്ക് 44.1% വില്‍പ്പന വളര്‍ച്ച.

മൊത്തം ടൂവീലര്‍ വില്‍പ്പനയെടുത്താല്‍ കഴിഞ്ഞമാസം 5.55% ഉയര്‍ച്ച. വിറ്റത് 12,40,732 യൂണിറ്റ്. സ്കൂട്ടര്‍ വില്‍പ്പനയിലെ വളര്‍ച്ച 25.03%. 3,05,586 യൂണിറ്റുകള്‍ വിറ്റഴിച്ചു. സ്കൂട്ടര്‍ വിപണിയില്‍ ഹോണ്ട വിറ്റത് 1,63,679 യൂണിറ്റ്. 48.29% വളര്‍ച്ച. ഹീറോ 54,932 യൂണിറ്റുകള്‍ വിറ്റഴിച്ചു. 24.28 ശതമാനമാണ് വര്‍ധന.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 28.78% ഇടിവുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe