കാറിടിച്ച് അപകടം, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കടുത്ത നടപടിയുമായി എംവിഡി, ലൈസൻസ് സസ്പെൻഡ് ചെയ്യും

news image
Feb 27, 2024, 4:57 am GMT+0000 payyolionline.in

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടിയിലക്ക് എംവിഡി. നടന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയാണ് എംവിഡി ആരംഭിച്ചത്. ജൂലൈ മാസത്തിലുണ്ടായ അപകടത്തിന് പിന്നാലെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി നൽകിയ നോട്ടീസിന് മൂന്ന് തവണയും സുരാജ് വെഞ്ഞാറമൂട് പ്രതികരിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്.

ജൂലൈ മാലം 29ന് രാത്രി കൊച്ചി തമ്മനം കാരണക്കോടം റോഡിലാണ് നടന്റെ വാഹനം ഇടിച്ച് അപകടമുണ്ടായത്. മഞ്ചേരി സ്വദേശിയായ 31കാരനാണ് അപകടത്തിൽ പരിക്കേറ്റത്. പാലാരിവട്ടം പൊലീസാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി നൽകിയ നോട്ടീസ് സുരാജ് കൈപ്പറ്റിയ രസീത് ആർടിഒയ്ക്ക് ലഭിച്ചിരുന്നു.

 

ഇതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്. അപകടത്തിന് പിന്നാലെ നടന്റെ കാർ എംവിഡി പരിശോധിച്ചിരുന്നു. ഗതാഗത നിയമങ്ങളേക്കുറിച്ചുള്ള ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്നും എംവിഡി അറിയിച്ചിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് നടൻ സുരാജ് ഓടിച്ച കാർ ഇടിച്ച് അപകടമുണ്ടാവുന്നത്. ബൈക്ക് യാത്രക്കാരനായ മലപ്പുറം സ്വദേശി ശരത്തിന്‍റെ  വലതുകാലിലെ അസ്ഥിയ്ക്കാണ് പൊട്ടൽ ഉണ്ടായത്. നാല് വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.  ലൈസൻസ് സസ്പെന്‍ഡ് ചെയ്യാതിരിക്കാൻ  കാരണം ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആദ്യം റജിസ്ട്രേ‍ഡ് തപാലാണ് അയച്ചത്. ഇത് കൈപ്പറ്റിയതിന്‍റെ റസീറ്റും ലഭിച്ചു. എന്നാൽ മറുപടി വരാത്ത സാഹചര്യത്തിലാണ് ജോ. ആർടിഒ രണ്ട് വട്ടംകൂടി  വീണ്ടും നോട്ടീസ് അയച്ചത്. എന്നാൽ ഇതിനും താരം മറുപടി നൽകിയില്ല.

കഴിഞ്ഞ മാസമായിരുന്നു മൂന്നാമത്തെ അവസരം നൽകിയത്. എന്നാൽ  സുരാജ് ഹാജരാകുന്നതിനോ മറുപടി നൽകുന്നതിനോ തയ്യാറായിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയതെന്ന് എറണാകുളം ആർടിഒ വ്യക്തമാക്കി. വാഹനമിടിച്ച് പരുക്കേൽപ്പിച്ചതിന് ഐപിസി 338 പ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസ് എടുത്തിരുന്നത്. ഇത്തരം സാഹചര്യത്തിൽ 3 മാസത്തേക്ക് സുരാജിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe