കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനം: സംവരണ വ്യവസ്ഥ തെറ്റെന്ന് ഹൈകോടതി

news image
Feb 4, 2023, 4:54 pm GMT+0000 payyolionline.in

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തില്‍ പിന്തുടരുന്ന സംവരണ വ്യവസ്ഥ തെറ്റെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി. സംവരണപ്പട്ടിക ശരിയായ രൂപത്തില്‍ ക്രമപ്പെടുത്താനും കോടതി നിര്‍ദേശിച്ചു. ഭിന്നശേഷി സംവരണത്തിന് കേരള സർവിസ് ചട്ടത്തിലെ സംവരണപ്പട്ടികയില്‍ പറയാത്ത പുതിയ ടേണുകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയതിലൂടെ സര്‍വകലാശാല നിയമനങ്ങളില്‍ സാമുദായിക സംവരണക്രമം തെറ്റിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ച് രണ്ടാം റാങ്ക് നേടിയ ഡോ. കെ.പി. അനുപമ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് വിധിയുണ്ടായത്. സർവിസ് നിയമത്തിന് വിരുദ്ധമായി ഒന്ന് എ, 26 എ, 51 എ എന്നിങ്ങനെ പുതിയ ടേണുകള്‍ ഭിന്നശേഷി സംവരണത്തിനായി സൃഷ്ടിച്ചതിലൂടെ മാസ് കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ അധ്യാപക നിയമനത്തിന് ഈഴവ വിഭാഗത്തിന് ലഭിക്കേണ്ട സംവരണ സീറ്റ് 51 എ എന്ന നിയമവിരുദ്ധ ടേണായി മാറിയെന്നും അതിനാല്‍ ഈഴവ വിഭാഗത്തില്‍പ്പെട്ട തനിക്ക് നിയമനം ലഭിച്ചില്ലെന്നുമാണ് അനുപമയുടെ പരാതി. ഭിന്നശേഷി സംവരണം തിരശ്ചീനമായാണ് നടപ്പാക്കേണ്ടതെന്നും പ്രശസ്തമായ ഇന്ദിര സാഹ്നി കേസിലടക്കം ഇതിനായി പിന്തുടരേണ്ട രീതി സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

63 തസ്തികളില്‍ നിയമനം നടന്നപ്പോള്‍ ഈഴവ വിഭാഗത്തിന് ലഭിക്കേണ്ടത് ഒമ്പത് സീറ്റാണ്. എന്നാല്‍, സര്‍വകലാശാല സ്വീകരിച്ച രീതി കാരണം ആ വിഭാഗത്തിന് എട്ട് തസ്തികകളേലഭിച്ചുള്ളൂ. അതിനാല്‍ പരാതിക്കാരിയെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമിക്കാന്‍ കോടതി ഉത്തരവിട്ടു. തെറ്റായ സംവരണപ്പട്ടിക ശരിയായ രൂപത്തില്‍ ക്രമപ്പെടുത്താനും നിയമവിരുദ്ധമായി നിയമിക്കപ്പെട്ടവരെ മറ്റൊരു വിധി ഉണ്ടാവുന്നതുവരെ താൽക്കാലികമായി നിലനിര്‍ത്താനും കോടതി നിർദേശം നല്‍കി.

അധ്യാപകർ നിയമക്കുരുക്കിലായേക്കും

തേഞ്ഞിപ്പലം: അര്‍ഹത നേടിയിട്ടും നിയമനം ലഭിക്കാത്ത ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ ഇതേ വാദം ഉന്നയിച്ച് ഹരജികള്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ക്രമംതെറ്റി നിയമിക്കപ്പെട്ട ഒട്ടേറെ അധ്യാപകര്‍ നിയമക്കുരുക്കിലായേക്കും. വിധി നടപ്പാകുന്നതോടെ 24 അസിസ്റ്റന്റ് പ്രഫസര്‍മാരുടെ ഭാവി തുലാസിലാകും.

അധ്യാപക നിയമനത്തില്‍ സംവരണക്രമം തെറ്റിക്കുന്നതായ പരാതി നിയമനപ്രക്രിയ തുടങ്ങിയ സമയത്ത് സിന്‍ഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹ്‌മദ് ഉന്നയിച്ചിരുന്നു. തെറ്റായ സംവരണക്രമം മൂലം നിയമവിരുദ്ധമായി നിയമിക്കപ്പെട്ടവരുടെയും നിയമനം ലഭിക്കാതെ പോയവരുടെയും പട്ടികയും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നതായി ഡോ. റഷീദ് അഹമ്മദ് പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളിലും സംവരണക്രമം വിജ്ഞാപനത്തില്‍ പറയാറുണ്ട്. എന്നാല്‍, കാലിക്കറ്റ് സര്‍വകലാശാല അത് മറച്ചുവെച്ച് നിയമന വിജ്ഞാപനമിറക്കിയെന്നാണ് ആരോപണം. ഇതിലൂടെ സംവരണം സംബന്ധിച്ച സുതാര്യത ഇല്ലാതെ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് ആക്ഷേപമുയര്‍ന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe