കാസര്‍കോട്ടെ പശുവിതരണ പദ്ധതിയിലെ ഫണ്ട് ക്രമക്കേട്: ഉദ്യോഗസ്ഥന് സസ്പെൻഷൻ

news image
Jun 25, 2022, 2:29 pm IST payyolionline.in

കാസർകോട്: കാസര്‍കോട്ടെ കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളില്‍ പശുവിതരണ പദ്ധതിയില്‍ ഫണ്ട് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ  ഡയറി ഫാം ഇൻസ്പെക്ടർ എം ബിനു മോനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഇയാൾക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു.

കാസര്‍കോട്ടെ കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളില്‍ പശു വിതരണ പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്നാണ് വിവരം. പശുവിന്‍റെ വിലയുടെ പകുതിയോ പരമാവധി 30,000 രൂപയോ ഒരാള്‍ക്ക് സബ്സിഡിയായി ലഭിക്കണം. എന്നാല്‍ സബ്‍സിഡി ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന്‍ ഇയാളുടെ അടുപ്പക്കാരായ പത്ത് പേരുടെ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. പണം എത്തിയ ഉടനെ ഇവ പിന്‍വലിച്ച് ബിനുമോന് അവര്‍ നല്‍കുകയും ചെയ്തു.

സബ്സിഡി തുക സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിയെങ്കിലും അപേക്ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ ചിലര്‍ക്ക് ചെറിയ തുകകള്‍ നല്‍കുകയും ചെയ്തു. പശു വാങ്ങിയെന്ന് ഉറപ്പ് വരുത്തി, വില്‍പ്പനക്കാരുടെ അക്കൗണ്ടില്‍ നല്‍കേണ്ട തുകയാണ് നേരിട്ട് അപേക്ഷകന് നല്‍കിയത്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഒറ്റ രൂപ പോലും കിട്ടിയില്ല. ഉദ്യോഗസ്ഥന് എതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe