കാർഡ് ടോക്കണൈസേഷൻ: സെപ്റ്റംബർ 30 വരെ സമയം

news image
Jun 25, 2022, 11:42 am IST payyolionline.in

ന്യൂ‍ഡൽഹി: ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ‘കാർഡ് ടോക്കണൈസേഷൻ’ രീതി നടപ്പാക്കുന്നതിന് റിസർവ് ബാങ്ക് സെപ്റ്റംബർ 30 വരെ സമയം നീട്ടിനൽകി. ഇത് മൂന്നാം തവണയാണ് സമയം നീട്ടുന്നത്. ജൂലൈ 30ന് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. പേയ്മെന്റ് രംഗത്തുള്ള എല്ലാ കമ്പനികളും ടോക്കണൈസേഷൻ നടപ്പാക്കാത്തതിനാലാണ് സമയം നീട്ടിയത്.

സാങ്കേതികമായ മാറ്റങ്ങൾ വരുത്താൻ കൂടുതൽ സമയം വേണമെന്ന് ചില കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.പുതിയ രീതി നടപ്പായാൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നൽകിയ ബാങ്കിനും കാർഡ് നെറ്റ്‍വർക്കിനുമല്ലാതെ രാജ്യത്ത് മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്ക്കോ സൂക്ഷിച്ചുവയ്ക്കാനാവില്ല.

ഇ–കൊമേഴ്സ് വെബ്സൈറ്റുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന കാർഡ് വിവരങ്ങൾ ചോരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പുതിയ നിയന്ത്രണം. പണമിടപാടിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലെ യഥാർഥ വിവരങ്ങൾ നൽകുന്നതിനു പകരം ഒരു ടോക്കൺ ഉപയോഗിക്കുന്നതാണ് രീതി. യഥാർഥ കാർഡ് വിവരങ്ങൾക്കു പകരം ഈ ടോക്കണായിരിക്കും സൈറ്റുകൾക്ക് ലഭിക്കുക.ഓരോ വെബ്സൈറ്റിലും ഒരേ കാർഡിന് പല ടോക്കണുകളായിരിക്കും. ഇതുമൂലം ഏതെങ്കിലും ഒരു സൈറ്റിൽ വിവരചോർച്ചയുണ്ടായാലും അപകടസാധ്യതയില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe