‘കിട്ടാനുള്ളത് 82 ലക്ഷം രൂപ’; കരുവന്നൂർ ബാങ്കിൽ നിന്ന് പണം കിട്ടാൻ പദയാത്രയുമായി നിക്ഷേപകൻ

news image
Nov 1, 2023, 7:12 am GMT+0000 payyolionline.in

തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപം തിരിച്ച് കിട്ടണം എന്ന് ആവശ്യപ്പെട്ട് നിക്ഷേപകന്റെ പദയാത്ര. മാപ്രാണം സ്വദേശി ജോഷിയാണ് കരുവന്നൂർ ബാങ്കിൽ നിന്ന് തൃശ്ശൂർ സിവിൽ സ്റ്റേഷൻ വരെ പദയാത്ര നടത്തുന്നത്. 82 ലക്ഷം രൂപയാണ് ജോഷിക്കും കുടുംബത്തിനും ബാങ്കിൽ നിക്ഷേപമുള്ളത്. കഴിവുണ്ടെങ്കിൽ കേസ് കൊടുക്കൂ എന്നായിരുന്നു ബാങ്കിനെ സമീപിച്ചപ്പോൾ ഉള്ള മറുപടിയെന്ന് ജോഷി പറയുന്നു. ടി എൻ പ്രതാപൻ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ ജോഷിക്ക് ഐക്യദാർഢ്യവുമായി എത്തി.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് ഇഡി സമര്‍പ്പിക്കും. 50 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കുക. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് ഇ‍ഡി കുറ്റപത്രം സമര്‍പ്പിക്കുന്നത്.

90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി എന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസില്‍ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്ത് ആണ് ഇഡി കണ്ടുകെട്ടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe