കീശ കാലിയാവാതെ തന്നെ വീടിന്റെ ലുക്ക് മാറ്റാൻ ആഗ്രഹമുണ്ടോ? വീടിന്റെ സ്റ്റൈൽ അടിമുടി മാറ്റാതെ, സിമ്പിളായി അതിന് ഒരു പുതുമ നൽകാൻ പെയിന്റിംഗ് മികച്ച മാർഗമാണ്. പഴയതിനെ പുതുമയോടെ മാറ്റാൻ ഇത് എളുപ്പമുള്ള ഒരു മാർഗം മാത്രമല്ല, ചെലവുകുറഞ്ഞതും ആകർഷകവുമാണ്.
എന്നാൽ കിട്ടുന്ന നിറങ്ങൾ ഉപയോഗിച്ച് പെയിന്റ് ചെയ്യാതെ വീടിന്റെ ഇന്റീരിയറിനെ കുറിച്ച് മനസിലാക്കി വേണം നിറം തെരഞ്ഞെടുക്കാൻ. വീടിനുള്ളിൽ എന്തുതരം അന്തരീക്ഷമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് അതിനൊത്ത നിറങ്ങൾ വേണം തെരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് പേ സ്റ്റൽ നിറങ്ങൾ നൽകുമ്പോൾ ചെറിയ സ്ഥലങ്ങളെ വലുതായി കാണിക്കാറുണ്ട് ഒപ്പം ശാന്തമായി അന്തരീക്ഷവും നൽകുന്നു. അത്തരത്തിൽ വീടിന് ഭംഗി കൂട്ടുന്ന നിറങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. വീടിന്റെ ഇന്റീരിയറിന് കൊടുക്കാൻ പറ്റിയ നിറങ്ങളെ പരിചയപ്പെടാം.

ക്ലൗഡി ബ്ലൂ ( Cloudy Blue)
ചെറിയ സ്ഥലമുള്ള വീടാണെങ്കിൽ അതിന്റെ ഇന്റീരിയറിന് ക്ലൗഡി ബ്ലൂ നിറം നൽകാവുന്നതാണ്. ചെറിയ സ്ഥലത്തെ വലിപ്പമുള്ളതായി കാണിക്കുകയും വീടിനുള്ളിൽ ശാന്തമായ അന്തരീക്ഷത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഡെലികേറ്റ് പിങ്ക് (Delicate Pink)
പിങ്ക് ഷെയ്ഡിന്റെ ഇളം നിറമാണ് ഡെലികേറ്റ് പിങ്ക്. വീടിന്റെ ഇന്റീരിയറിന് കൂടുതൽ ഭംഗിയും പ്രകാശവും തരുന്ന നിറമാണിത്. ഡെലികേറ്റ് പിങ്കിനൊപ്പം ഫ്ലവേഴ്സ് കൂടെ ആഡ് ചെയ്താൽ വീടിന്റെ ഇന്റീരിയറിന് എലഗന്റ് ലുക്ക് കിട്ടും.
സേഗ് ഗ്രീൻ (Sage Green)
പച്ച നിറത്തിന്റെ മറ്റൊരു ഷെയ്ഡ് ആണ് സേഗ് ഗ്രീൻ. നേരിയ മഞ്ഞ നിറത്തിലുള്ള ഫർണിഷിങ്ങിനൊപ്പം ഫ്രഷ് ഫ്ലവേഴ്സ് കൂടെ ആഡ് ചെയ്യുകയാണെങ്കിൽ റൂമിന് ഒരു വിന്റേജ് ടച്ച് കിട്ടും.
സൺഷൈൻ യെല്ലോ (Sunshine Yellow)
മുട്ട കരുവിന്റെ നിറമാണ് സൺഷൈൻ യെല്ലോ. വീടിന്റെ ഇന്റീരിയറിന് ഈ നിറം നൽകുന്നത് നിങ്ങളുടെ മുറിയെ കൂടുതൽ സ്വീകാര്യമാക്കുന്നു. ഇത് പകൽ സമയങ്ങളിൽ സണ്ണി ആംബിയൻസും രാത്രികാലങ്ങളിൽ വാം ലുക്കും നൽകുന്നു.
ഡീപ് ടീൽ (Deep Teal)
നീല നിറത്തിന്റെ ഷെയ്ഡാണ് ഡീപ് ടീൽ. പ്രകൃതി, മഞ്ഞ്, വെള്ളം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന നിറമാണിത്. അതുകൊണ്ട് തന്നെ വീടിന് ഇത് ഒരു തണുപ്പൻ അന്തരീക്ഷത്തെ പ്രദാനം ചെയ്യുന്നു.
സോഫ്റ്റ് ടർക്കോയ്സ് (Soft Turquoise)
വീടിന്റെ ഇന്റീരിയറിന് ഒരു കോസ്റ്റൽ ലുക്ക് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സോഫ്റ്റ് ടർക്കോയ്സ് നല്ലൊരു ഓപ്ഷനാണ്. മങ്ങിയ നിറത്തിലുള്ള നീലയും പച്ചയും ചേർന്നതാണ് ഈ നിറം. സോഫ്റ്റ് ടർക്കോയ്സ് നിറം വീടിനുള്ളിൽ ശാന്തമായ അന്തരീക്ഷത്തെ പ്രദാനം ചെയുന്നു.
പോപ്പി റെഡ് ( Poppy Red)
ലൈറ്റ് റെഡിന്റെ കടും നിറമാണ് പോപ്പി റെഡ്. വൈറ്റ്, ഗ്രീൻ, ഗ്രേ, യെല്ലോ, ഓറഞ്ച്, പർപ്പിൾ തുടങ്ങിയ നിറങ്ങളോടൊപ്പം പെയർ ചെയ്യാൻ സാധിക്കുന്ന നിറമാണ് പോപ്പി റെഡ്. ഇത് വീടിനുള്ളിൽ എനർജെറ്റിക്ക് മൂഡ് നൽകും.