കുഞ്ഞാലിമരക്കാര്‍ ഇസ്ലാമിന്റെ സംരക്ഷകന്‍ ചമയാന്‍ ശ്രമിച്ചുവെന്ന് പുരാവസ്തു വകുപ്പ് ബ്രോഷര്‍

news image
Oct 30, 2013, 4:15 pm IST payyolionline.in

പയ്യോളി :  സാമൂതിരിയുടെ നാവിക സൈന്യാധിപന്‍ സ്ഥാനത്ത് നിന്ന്, സ്വയം ഭരണാധികാരിയാവാന്‍ കുഞ്ഞാലി മരക്കാര്‍ ശ്രമിച്ചിരുന്നുവെന്നും ഇസ്ലാമിന്റെ സംരക്ഷകന്‍ ചമയാനുള്ള ശ്രമം മരക്കാര്‍ നടത്തിയിരുന്നുവെന്നും സംസ്ഥാന പുരാവസ്തു വകുപ്പ്.  നവീകരിച്ച കുഞ്ഞാലി മരക്കാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്   പുരാവസ്തു വകുപ്പ് പുറത്തിറക്കിയ ബ്രോഷറിലാണ് ഏറെ വിവാദമാവുന്ന വിവരണങ്ങള്‍ ഉള്ളത്.

കുഞ്ഞാലി മരക്കാര്‍ നാലാമന്‍ എന്നറിയപ്പെടുന്ന മുഹമ്മദ്‌ മരക്കാരെകുറിച്ചാണ് ബ്രോഷറില്‍ പരാമര്‍ശം ഉള്ളത്. ‘ഇസ്ലാമിന്റെ സംരക്ഷകന്‍’ തുടങ്ങിയ ബിരുദങ്ങള്‍ സ്വയം സ്വീകരിച്ചെന്നും കുഞ്ഞാലിയുടെ ധിക്കാരങ്ങള്‍ കൂടിയതോടെ സാമൂതിരിക്ക് രോഷം വന്നെന്നും ഇതാണ് കുഞ്ഞാലിക്കെതിരെ പട നയിക്കാന്‍ സാമൂതിരിയെ പ്രേരിപ്പിച്ചതെന്നും ബ്രോഷറില്‍ പറയുന്നു.

ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ എം.പി. അബ്ദുസമദ് സമദാനി പ്രസംഗത്തിനിടെ ഇത് സൂചിപ്പിക്കുകയും ചെയ്തു. ബ്രോഷറിലെ തെറ്റുകള്‍ തിരുത്തി പുറത്തിറക്കമെന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്ത ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കുകയുണ്ടായി. എന്നാല്‍ ആഴ്ച ഒന്ന് പിന്നിട്ടിട്ടും ഒരു നടപടിയും വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അറിയുന്നു. കുഞ്ഞാലിമരക്കാരും സാമൂതിരിയും തമ്മിലുള്ള  ബന്ധത്തെ മതസൌഹാര്‍ദ്ധമായി  വാനോളം പ്രകീര്‍ത്തിച്ച സമദാനി  ചിലപ്പോഴൊക്കെ സംഭവിക്കാറുള്ള  നെഗറ്റീവ് കാര്യങ്ങളെ പര്‍വ്വതീകരിച്ച് കാണരുതെന്നും തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

സാമൂതിരി രാജാവിനെയും കുഞ്ഞാലിമരക്കാരെയും തമ്മില്‍ തെറ്റിക്കുന്നതിന്  പോര്‍ച്ചു ഗീസുകാര്‍ കെട്ടിചമച്ച് പ്രചരിപ്പിച്ച നുണകള്‍ക്ക് ആധികാരികത നല്‍കുന്ന വിധത്തിലാണ് പുരാവസ്തു വകുപ്പ് ബ്രോഷര്‍ തയ്യാറാക്കിയതെന്നും മരക്കാര്‍ ചരിത്രം വികലമാക്കി ചിത്രീകരിച്ച് ചരിത്ര പുരുഷനെ അപമാനിക്കുകയാണ് വകുപ്പ് ചെയ്യുന്നതെന്നും പ്രതിഷേധമുയര്‍ത്തുന്നവര്‍ പറയന്നു.

 കുഞ്ഞാലി മരക്കാരുടെ പ്രവര്‍ത്തികളെ വൈകാരികമായി കാണുന്ന പ്രദേശമാണ് ഇരിങ്ങല്‍ കോട്ടക്കല്‍. തങ്ങളുടെ നാടിന്റെ പേരിന് തന്നെ കാരണക്കാരനായ കുഞ്ഞാലി മരക്കാരുടെ പിന്‍തലമുറക്കാര്‍ ഏറെ വസിക്കുന്ന പ്രദേശത്ത് ബ്രോഷര്‍ വിവാദം ചൂടുപിടിക്കുകയാണ്. എട്ടു മാസത്തോളമായി അടച്ചിട്ടിരുന്ന മരക്കാര്‍ ഭവനം ശക്തമായ  ഇടപെടലുകളെ തുടര്‍ന്നാണ് തുറന്ന് കൊടുത്തത്. ഉത്സവാന്തരീക്ഷത്തില്‍ നടത്തിയ ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷമാണ് വിവാദ ബ്രോഷര്‍ പുറത്തിറക്കിയത്. നാട്ടുകാര്‍ക്ക് ഏറെ ആഹ്ലാദം പടരേണ്ട മുഹൂര്‍ത്തത്തിലാണ് പുരാവസ്തു വകുപ്പിന്റെ ബ്രോഷറിലെ പരാമര്‍ശങ്ങള്‍ ആലോസരമായത്.

കുഞ്ഞാലിമരക്കാര്‍   സ്മാരക സംരക്ഷണ വേദി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ബ്രോഷറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപെട്ട്  ഇവര്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതേസമയം രേഖകള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് പുരാവസ്തു ഡയറക്ടര്‍ പ്രേംകുമാര്‍, ഇത് സംബന്ധമായി എം.പി. അബ്ദുള്‍ സമദ് സമദാനിയെ അറിയിച്ചിട്ടുണ്ട്.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe