കുറ്റ്യാടി ∙ പുഴയോരങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി. കുറ്റ്യാടി പുഴയുടെയും ചെറുപുഴയുടെയും തീരങ്ങളിലാണ് ചാക്കിൽ കെട്ടിയും അല്ലാതെയും മാലിന്യങ്ങൾ തള്ളുന്നത്. മരുതോങ്കര റോഡിൽ ചെറുപുഴയിൽ പാലത്തിനോട് ചേർന്നുള്ള സ്ഥലത്താണു മാലിന്യം തള്ളൽ രൂക്ഷം. പുഴയോരത്ത് കാടു മൂടിയ സ്ഥലങ്ങളിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയത്. പാലത്തിൽ നിന്നു പുഴയിലേക്ക് മത്സ്യാവശിഷ്ടങ്ങൾ തള്ളിയതായും പരാതിയുണ്ട്.ദുർഗന്ധം കാരണം പുഴയോരത്തു കൂടി നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.
വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ ദുർഗന്ധം എത്തുന്നുണ്ട്.ജല അതോറിറ്റിയുടെ സംഭരണിക്ക് അടുത്താണ് പുഴയിൽ തള്ളുന്ന മാലിന്യങ്ങൾ ഒഴുകി എത്തുന്നതെന്നു നാട്ടുകാർ പറയുന്നു.കുറ്റ്യാടി പുഴയുടെ ചെറിയകുമ്പളം ഭാഗത്തും മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. ഒട്ടേറെപ്പേർ കുളിക്കാനും തുണി അലക്കാനും പുഴയെയാണ് ആശ്രയിക്കുന്നത്.മാലിന്യം പുഴയോരത്ത് തള്ളുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.