കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ സുഹൃത്ത് മുങ്ങി മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

news image
Oct 24, 2022, 8:14 am GMT+0000 payyolionline.in

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഓലത്താന്നി പാതിരിശ്ശേരി കടവിൽ, സുഹൃത്തുക്കളുടെ വാക്ക് കേൾക്കാതെ നീന്താനിറങ്ങിയ യുവാവിനെയും, ഇയാളെ രക്ഷിക്കാനിറങ്ങിയ യുവാവിനെയും കാണാതായി. ഇതിൽ ഓലത്താന്നി മേലെതാഴംകാട് റോഡരികത്ത് വീട്ടിൽ എസ് കൃഷ്ണൻകുട്ടിയുടെ മകൻ വിപിന്‍റെ (33) മൃതദേഹം സ്കൂബാ സംഘവും, നെയ്യാറ്റിൻകര ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ വൈകീട്ടോടെ കണ്ടെത്തി. കടവില്‍ നിന്നും നൂറ് മീറ്ററോളം മാറിയാണ് വിപിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ആഴാംകുളം സ്വദേശി ശ്യാമിനായുളള (34) തെരച്ചിൽ രാത്രി വൈകിയും തുടർന്നെങ്കിലും കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കും മഴയും കാരണം ഇന്നലെ വൈകീട്ടോടെ തിരച്ചില്‍ നിര്‍ത്തേണ്ടിവന്നു. ഇന്ന് തെരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് സംഘം അറിയിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ഓലത്താന്നിയിൽ ടം വീലർ വർക്ക് ഷോപ്പ് നടത്തുന്ന വിപിന്‍റെ വർക്ക് ഷോപ്പിൽ വണ്ടി നന്നാക്കുന്ന വിഷയം സംസാരിക്കാൻ വിപിന്‍റെ വീട്ടിലെത്തിയ  സുഹൃത്തുക്കളായ ശ്യാം, നന്ദു, സുമൻ എന്നിവരോടൊപ്പമാണ് വിപിൻ നെയ്യാറിലെ കടവിലേയ്ക്ക് പോയത്.

നെയ്യാറില്‍ അടിയൊഴുക്ക് ശക്തമാണെന്നും കുളിക്കാനിറങ്ങുന്നത് അപകടമാണെന്നും പ്രദേശവാസിയായ വിപിന്‍ അപകട സൂചന നൽകിയെങ്കിലും, ഇത് വകവയ്ക്കാതെ നെയ്യാറ്റിലേയ്ക്ക് നീന്താനിറങ്ങിയ ശ്യാം മറുകരയിലേയ്ക്ക് നീങ്ങുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട വിപിൻ, ശ്യാമിനെ രക്ഷിക്കാൻ ആറിലേക്ക് എടുത്തു ചാടി. ശ്യാമിനെ പിടികൂടുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു.  മരിച്ച വിപിന് പതിനൊന്നും, നാലും വയസുളള മൂന്ന് മക്കളുണ്ട് ദീപയാണ് ഭാര്യ. വിപിന്‍റെ  മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe