തിരുവനന്തപുരം: മൂന്നാഴ്ച മുമ്പ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ എട്ടാംക്ലാസുകാരി പലതവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ മരണത്തിനിടയാക്കിയത് തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളാണ് പെൺകുട്ടി. മാർച്ച് 30ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ കുട്ടി കൂട്ടുകാരോടൊപ്പം പുറത്തുപോകാൻ വസ്ത്രം മാറാൻ പോയതിന് പിന്നാലെയാണ് ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തിയത്. മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിന് മരിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടി പലതവണ ലൈംഗിക പീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്. ശരീരത്തിൽ പീഡനത്തെ തുടർന്നുള്ള മുറിവുകളുമുണ്ടായിരുന്നു. മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറി.