കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു; സംഭവം തൃശ്ശൂർ പെരിഞ്ഞനത്ത്

news image
May 28, 2024, 5:20 am GMT+0000 payyolionline.in

തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടിയത്. ഇവരുടെ ബന്ധുക്കളായ 3 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

178 പേരാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. പെരിഞ്ഞനം വടക്കേ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഇവിടെ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe