കുഴിമന്തി കഴിച്ച് മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, ഹോട്ടലുകളിൽ റെയ്ഡ്

news image
Jan 7, 2023, 6:12 am GMT+0000 payyolionline.in

തിരുവനന്തപുരം∙ കാസർകോട് തലക്ലായില്‍ കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകി. പെൺകുട്ടി കുഴിമന്തി കഴിച്ച ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും പ്രശ്നമുണ്ടോയെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

 

കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 36 ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. 6 ഹോട്ടൽ  അടച്ചുപൂട്ടി. 19 ഹോട്ടലുകൾക്ക് പിഴയിട്ടു. 11 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഫോർട്ട് കൊച്ചി എ വൺ, മട്ടാഞ്ചേരിയിലെ കയാസ്, സിറ്റി സ്റ്റാർ, കാക്കനാട് ഷേബ ബിരിയാണി, ഇരുമ്പനം ഗുലാൻ തട്ടുകട, നോർത്ത് പറവൂർ മജ്‌ലിസ് എന്നീ ഹോട്ടലുകളാണ് പൂട്ടിയത്. മട്ടാഞ്ചേരി കയാസ് ഹോട്ടലിലെ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തിയിരുന്നു.

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെ 485 സ്ഥാപനങ്ങളില്‍ പ്രത്യേക ‘ഷവര്‍മ’ പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചുവെന്നും 162 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയതായും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe