കുവൈത്തിലെ മലയാളി തട്ടിപ്പ്: പ്രതികളെല്ലാം ഉയർന്ന ശമ്പളം ലഭിച്ചിരുന്ന കുവൈത്ത് സർക്കാർ സർവീസ് ജീവനക്കാർ

news image
Dec 6, 2024, 12:34 pm GMT+0000 payyolionline.in

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികളെല്ലാം കുവൈത്തിലെ സ‍ർക്കാർ സർവീസിലെ ജീവനക്കാരെന്ന് വിവരം. ഇതിന് പുറമെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ ജീവനക്കാരായിരുന്ന 700 ഓളം മലയാളി നഴ്‌സുമാരുമാണ് ഗൾഫ് ബാങ്ക് കുവൈത്തിനെ ചതിച്ച് മുങ്ങിയത്. 2020-22 കാലത്ത് നടന്ന തട്ടിപ്പിൻ്റെ വിശദമായ വിവരങ്ങൾ ബാങ്ക് അധികൃതർ കേരളത്തിലെത്തി പൊലീസിലെ ഉന്നതർക്ക് നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സർക്കാർ ജീവനക്കാർക്ക് ഉയർന്ന ശമ്പളമായതിനാൽ എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതാണ് പ്രതികൾക്ക് നേട്ടമായത്. ആദ്യം തട്ടിപ്പ് നടത്തിയവർ വഴി പഴുത് മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് പൊലീസും ബാങ്ക് അധികൃതരും സംശയിക്കുന്നത്. തട്ടിപ്പിൽ 1425 മലയാളികളുള്ളതിനാൽ ഇടനിലക്കാരുടെ സാന്നിധ്യവും ബാങ്ക് സംശയിക്കുന്നുണ്ട്. തട്ടിപ്പ് നടത്തിയവർ ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്തിരുന്നു. ഗൾഫിലെ ജോലി രേഖകൾ അടക്കം ബാങ്കിന് സമർപ്പിച്ച് നേടിയ വായ്പ ഇവർ കൃത്യമായി അടച്ചു. ഇതിലൂടെ ക്രഡിറ്റ് സ്കോർ ഉയർന്നപ്പോൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുഭ്ഭിയെന്നാണ് കരുതുന്നത്. 50 ലക്ഷം മുതൽ 2 കോടിയിലേറെ രൂപയാണ് ഓരോരുത്തരും വായ്പയെടുത്തിരിക്കുന്നത്.

വായ്പ ലഭിച്ച ശേഷം ഇവരെല്ലാം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്നുവെന്നാണ് ഇപ്പോൾ മനസിലായിരിക്കുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ പരിശോധിച്ച ബാങ്ക് അധികൃതർ പറ്റിച്ചവരിൽ മലയാളികളുടെ എണ്ണക്കൂടുതൽ കണ്ട് വിശദമായ അന്വേഷണം നടത്തി. പിന്നീട് വായ്പ നേടിയവരുടെ വിലാസവും ബാങ്ക് രേഖകളും സഹിതം ഇവർ കേരളാ പൊലീസിന് പരാതി നൽകി. നവംബർ അഞ്ചിന് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി കുറ്റക്കാരായ 10 പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർക്കെതിരെ എറണാകുളം, കോട്ടയം ജില്ലകളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജിക്കാണ് അന്വേഷണ ചുമതല. കുറ്റകൃത്യം നടന്നത് വിദേശത്താണെങ്കിലും ഇന്ത്യൻ പൗരന്മാരായ പ്രതികൾ കേരളത്തിലേക്ക് മടങ്ങിയതിനാൽ ഇവർക്കെതിരെ ഇവിടെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം മലയാളികളുടെ ഈ തട്ടിപ്പ് പ്രവാസി സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും നാണക്കേടായി മാറുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe