കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് കോടതി

news image
Sep 23, 2022, 4:49 pm GMT+0000 payyolionline.in

കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സുരക്ഷാ സേനയില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് ഒരു കൊലപാതക കേസില്‍ ജഡ്‍ജി അബ്‍ദുല്ല അല്‍ ഉത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബഞ്ച് വധശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടിയുള്ള സിവില്‍ കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്.

ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത, ബിദൂനി യുവാവിനെ കുവൈത്തിലെ ജുലൈയ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വിധി. ഒരു ദിവസം പുലര്‍ച്ചെ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. 35 വയസുള്ള യുവാവിന്റെ മൃതദേഹത്തില്‍ രക്തവും ശ്വാസം മുട്ടിച്ച അടയാളങ്ങളുമുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ സൈനിക ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് കണ്ടെത്തി. പിന്നാലെ ഇയാള്‍ അറസ്റ്റിലായി. ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ടയാളുമായുണ്ടായ തര്‍ക്കവും വാക്കേറ്റവും കൊലപാതകത്തില്‍ അവസാനം കലാശിച്ചുവെന്നാണ് പ്രതി പറഞ്ഞത്.  കുവൈത്തില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്‍ത ആദ്യത്തെ കൊലപാതക കേസായിരുന്നു ഇതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം വേണമെന്ന് അയാളുടെ ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe