കൂടത്തായി കൂട്ടക്കൊല; റോയ് വധക്കേസിൽ സാക്ഷിവിസ്താരം ഫെബ്രുവരി നാലിന് തീരുമാനിക്കും

news image
Jan 20, 2023, 4:41 am GMT+0000 payyolionline.in

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ സാക്ഷി വിസ്താരം തുടങ്ങുന്ന തീയതി ഫെബ്രുവരി നാലിന് തീരുമാനിക്കും. വ്യാഴാഴ്ച കേസ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ പരിഗണിക്കവേ പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂർ കൂടുതൽ സമയം നൽകാൻ അപേക്ഷിക്കുകയായിരുന്നു. കേസിൽ കുറ്റവിമുക്തയാക്കണമെന്ന ഹരജി പ്രത്യേക കോടതി തള്ളിയതിനെതിരെ ഹൈകോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിൽ സാക്ഷിവിസ്താരം തുടങ്ങുന്നത് നീട്ടണമെന്നായിരുന്നു പ്രതിഭാഗം വാദം.

 

ജയിലിൽനിന്ന് ഓൺലൈൻ വഴി ഹാജരായ ജോളി തടവിൽ കഴിയുന്ന തനിക്ക് ചികിത്സ ചെലവിനായി സ്വന്തം അക്കൗണ്ടിലെ പണം അനുവദിക്കണമെന്ന് അപേക്ഷിച്ചു. ഇതിനായി ജയിലധികൃതർ ട്രഷറി അക്കൗണ്ട് വിവരങ്ങൾ നൽകിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ ജയിലിലേക്ക് മണി ഓർഡറായി പണം നൽകാൻ കോടതി നിർദേശം നൽകി.

കേസിൽ ജോളിയടക്കം നാലു പ്രതികൾക്ക് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി, സയനൈഡ് നൽകിയെന്ന് ആരോപണമുയർന്ന ജ്വല്ലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജി, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസിയത്ത് നിർമിച്ചുവെന്ന് കുറ്റം ചുമത്തപ്പെട്ട മനോജ് കുമാർ എന്നിവരാണ് പ്രതികൾ.

ജോളി സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ ആദ്യ ഭർത്താവ് റോയ് തോമസിനെ മറ്റു പ്രതികളുടെ സഹായത്തോടെ ഭക്ഷണത്തിൽ വിഷം നൽകി കൊന്നുവെന്ന കേസാണ് ഇപ്പോൾ പരിഗണിക്കുന്നത്. കേസിൽ കുറ്റവിമുക്തയാക്കണമെന്ന ഹരജി പ്രത്യേക കോടതി തള്ളിയതിനെതിരെ ഹൈകോടതിയിൽ ജോളിയുടെ അപേക്ഷ വാദം കേൾക്കാനും രേഖകൾ പരിശോധിക്കാനും ഹൈകോടതി ഫെബ്രുവരിക്ക് മാറ്റിയിരിക്കുകയാണ്.

പ്രതിഭാഗത്തിനായി അഡ്വ. ആളൂരിനൊപ്പം അഡ്വ. ഹിജാസ് അഹമ്മദും ഹാജരായി. സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ പ്രോസിക്യൂഷനുവേണ്ടിയും ഹാജരായി. ജോളി കണ്ണൂർ വനിത ജയിലിലും മാത്യു കോഴിക്കോട് ജില്ല ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. മറ്റു പ്രതികൾ ജാമ്യത്തിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe