കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ജോളി

news image
Jan 13, 2023, 3:22 am GMT+0000 payyolionline.in

കോഴിക്കോട്∙ കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രിജുകുമാർ, മനോജ് എന്നിവരെയും കോഴിക്കോട് പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. െകാലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നിവയാണ് എം.എസ്.മാത്യു, പ്രജികുമാർ എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചതാണ് നാലം പ്രതി മനോജിനെതിരായ കുറ്റം. നിസംഗ ഭാവത്തിലാണ് ജോളി കുറ്റപത്രം കേട്ടത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളോട് ജോളി തട്ടിക്കയറി. ജനുവരി 19ന് കേസ് വീണ്ടും പരിഗണിക്കും. മറ്റു അഞ്ച് കൊലപാതക്കേസുകൾ പരിഗണിക്കുന്നത് ഫെബ്രുവരി 4ലേക്ക് മാറ്റി.

 

 

കേസ് ഇങ്ങനെ: സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ടു നല്‍കിയ പരാതിയുമാണ് മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്. 2002ലാണ് ആദ്യ കൊലപാതകം. ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എം.എം. മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍ മരിച്ചു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു.

ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. റോയിയുടെ സഹോദരന്‍ റോജോ തോമസ് വടകര റൂറല്‍ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നു. റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവില്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചു. പിന്നാലെ, ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എം.എസ്.മാത്യു. സയനൈഡ് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രിജുകുമാര്‍ എന്നിവരും അറസ്റ്റിലായി. സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തില്‍നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണു കുറ്റപത്രം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe