കൃഷ്‌ണഗിരിയിലെ കടുവ ജനവാസ കേന്ദ്രങ്ങളിൽ; മയക്കുവെടി വയ്‌ക്കും

news image
Nov 5, 2022, 9:33 am GMT+0000 payyolionline.in
മീനങ്ങാടി: കെണിയിലകപ്പെടാതെ കൃഷ്‌ണഗിരിയിലെ കടുവ ജനവാസ കേന്ദ്രങ്ങളിൽ വിഹരിക്കുന്നു. ഒരു മാസത്തിലധികമായി മീനങ്ങാടി പഞ്ചായത്തിലെ കൃഷ്‌ണഗിരിയിലും പരിസരങ്ങളിലും അമ്പലവയൽ പഞ്ചായത്തിലെ കുമ്പളേരിയിലും പരിസരങ്ങളിലും ആടുകളെ കടിച്ചുകൊന്ന കടുവയാണ്‌ വനം വകുപ്പ്‌ സ്ഥാപിച്ച കൂടുകളിൽ അകപ്പെടാതെ രാത്രികാലം നാട്ടിൽ വിലസുന്നത്‌. കടുവ കൂട്ടിലായില്ലെങ്കിലും മിക്ക ദിവസങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ട്‌.
വ്യാഴം രാത്രി ഒമ്പതിന്‌ മൂന്നാനക്കുഴി കൽപ്പന ഭാഗത്ത്‌ റോഡിൽ ബൈക്ക്‌ യാത്രക്കാർ കടുവയെ കണ്ടു. നാല്‌ കൂടുകളാണ്‌ കൃഷ്‌ണഗിരി ഭാഗത്ത്‌ കടുവയെ പിടികൂടാൻ വച്ചിട്ടുള്ളത്‌. കൂട്ടിലാവാത്ത കടുവയെ മയക്കുവെടി വയ്‌ക്കാൻ കഴിഞ്ഞ ദിവസം സൗത്ത്‌ വയനാട്‌ ഡിഎഫ്‌ഒ ഷജ്‌ന കരീം ഉത്തരവിട്ടിരുന്നു. ആവയൽ, കൃഷ്‌ണഗിരി, റാട്ടക്കുണ്ട്‌, മലന്തോട്ടം, മേപ്പേരിക്കുന്ന്‌, കൊടശേരിക്കുന്ന്‌, പോത്തുകെട്ടി, മൈലമ്പാടി തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കടുവയുടെ സാന്നിധ്യമുണ്ടായത്‌. ഇതിനകം എട്ട്‌ ആടുകളെ കൊന്ന കടുവ ആറ്‌ ആടുകളെ പരിക്കേൽപ്പിച്ചു.
രണ്ട്‌ ദിവസം നൂറോളം പേരുള്ള സംഘം കടുവയെ തോട്ടങ്ങളിലും പാറയിടുക്കുകളിലും തെരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. പത്തോളം സ്ഥലത്ത്‌ സ്ഥാപിച്ച ക്യാമറകളിലും കടുവയുടെ ദൃശ്യം പതിഞ്ഞില്ല.സൗത്ത്‌ വയനാട്‌ ഫോറസ്‌റ്റ്‌ ഡിവിഷന്‌ കീഴിൽ മേപ്പാടി റെയിഞ്ചിന്‌ കീഴിലാണ്‌ അമ്പലവയൽ, കൃഷ്‌ണഗിരി മേഖലകളുള്ളത്‌. ചീരാൽ മേഖലയിൽ കടുവയെ പിടികൂടാൻ കാണിച്ച ജാഗ്രത കൃഷ്‌ണഗിരിയിലും വേണമെന്നാണ്‌ നാട്ടുകാർ ആവശ്യപ്പെടുന്നത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe