‘കൃഷ്ണ സാന്നിധ്യം ഒരിടത്ത് മാത്രമല്ലല്ലോ’; ദുരിതാശ്വാസഫണ്ടില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഹര്‍ജിയില്‍ സ്റ്റേ

news image
Sep 19, 2022, 11:50 am GMT+0000 payyolionline.in

ദില്ലി: ഗുരുവായൂർ ദേവസ്വം ബോ‍ർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപ നല്‍കിയതിനെതിരായ ഹൈക്കോടതി നടപടികൾ തല്‍ക്കാലം തടഞ്ഞ് സുപ്രീംകോടതി. ക്ഷേത്ര വരുമാനത്തിൽ നിന്നുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കാൻ അധികാരമില്ലെന്ന ഹൈക്കോടതി ഫുൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. തൽസ്ഥിതി തുടരാൻ ഉത്തരവിട്ട കോടതി, എല്ലാ കക്ഷികൾക്കും നോട്ടീസ് ആയച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കുന്നതിൽ തെറ്റുണ്ടോ എന്ന് ചോദിച്ച കോടതി കാണിക്ക എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ബോർഡിനില്ലേയെന്നും ആരാഞ്ഞു.

കൃഷ്ണ സാന്നിധ്യം ഒരിടത്ത് മാത്രമല്ലലോ എന്ന പരാമർശവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിൽ നിന്നുണ്ടായി. ഹർജി അടുത്ത മാസം വീണ്ടും പരിഗണിക്കും. ഭക്തരുടെ കൂടി താല്‍പര്യം പരിഗണിച്ചാണ് ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയതെന്ന് അഭിഭാഷകനായ എം എൽ ജിഷ്ണു മുഖേന നല്‍കിയ ഹർജിയിൽ ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി.

പ്രളയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ക്ഷേത്രം മാനേജ്‌മെന്റ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുളള സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിക്കോ കൈമാറാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ കാണിക്ക എടുത്തല്ല ചെയര്‍മാന്‍ കേസ് നടത്തേണ്ടതെന്നാണ് ബിജെപിയുടെ വാദം. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനാണ് 10 കോടി രൂപ ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ് നല്‍കിയതെന്നും ബിജെപി ആരോപിച്ചു. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് ദേവസ്വം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe